പേഷ്യന്റ് ഫസ്റ്റ് മൂവ്മെന്റ് പദ്ധതി ബിലീവേഴ്സ് ആശുപത്രിയിൽ
1577236
Sunday, July 20, 2025 4:15 AM IST
തിരുവല്ല : ആശുപത്രിയിൽ എത്തുമ്പോൾ മുതൽ മടങ്ങിപ്പോകുന്നതുവരെയുള്ള കാലയളവിൽ രോഗികൾക്ക് പ്രഥമ പരിഗണന നൽകുന്നതിനും അവരെ കേന്ദ്രീകരിച്ച് മാത്രം ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും സംയുക്തമായി പ്രവർത്തിക്കുന്നതിനും പ്രത്യേകമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പേഷ്യന്റ് ഫസ്റ്റ് മൂവ്മെന്റ് പദ്ധതി ബിലീവേഴ്സ് ആശുപത്രിയിൽ തുടക്കംകുറിച്ചു.
അടുത്ത ഒരു വർഷം നീണ്ടുനിൽക്കുന്ന ആസൂത്രണ പരിപാടികളുടെ ഉദ്ഘാടനം വെല്ലൂർ സിഎംസി അസോസിയേറ്റ് ഡയറക്ടറും ഹെപ്പറ്റോളജി വിഭാഗം മേധാവിയുമായ ഡോ. ഉദയ് സക്കറിയ നിർവഹിച്ചു. ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര അധ്യക്ഷത വഹിച്ചു.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജസുറൻ പേഷ്യന്റ് ഫസ്റ്റ് മൂവ്മെന്റിനെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത്, സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. സുമൻ വർഗീസ് സാം, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. തോമസ് മാത്യു, സാമൂഹ്യ സേവന വിഭാഗം മേധാവി ആൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
ആരോഗ്യപ്രവർത്തകരും രോഗികളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതുമുതൽ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനും പാർക്കിംഗ്, കാന്റീൻ തുടങ്ങിയ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ സംയുക്ത സഹകരണത്തിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും ആരോഗ്യവും പ്രദാനം ചെയ്യുന്നതുമായ കാര്യങ്ങളിൽവരെ സ്വാധീനം ഉണ്ടാക്കാൻ കഴിയുന്ന വിവിധ തലത്തിലുള്ള പ്രവർത്തനങ്ങളാണ് പേഷ്യന്റ് ഫസ്റ്റ് മൂവ്മെന്റ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആശുപത്രി ഡയറക്ടർ ഡോ. ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു.