ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു : അപൂർവ വ്യക്തിത്വത്തിനുടമയെന്ന് മാർ ക്രിസോസ്റ്റമോസ്
1577237
Sunday, July 20, 2025 4:15 AM IST
തിരുവല്ല: അപരന്റെ വേദന സ്വന്തം വേദനയായി കരുതി ആ വേദന അകറ്റാൻ സമർപ്പണത്തോടുകൂടി പ്രവർത്തിച്ച അപൂർവ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. യുഡിഎഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രംഗങ്ങളിലും മൂല്യച്യുതി സംഭവിക്കുമ്പോൾ അത്തരം അപഭ്രംശങ്ങളിൽ പെട്ടുപോകാതെ ജീവിച്ചു കാണിച്ച ഉമ്മൻ ചാണ്ടി എല്ലാ രംഗങ്ങളിലുള്ളവർക്കും മാതൃകയും വെല്ലുവിളിയുമാണെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
യുഡിഎഫ് ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു. പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ജോസഫ് എം. പുതുശേരി, വർഗീസ് മാമ്മൻ, കുഞ്ഞുകോശി പോൾ, റെജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണം കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യപ്രഭാഷണവും ആന്റോ ആന്റണി എംപി അനുസ്മരണ പ്രഭാഷണവും നടത്തി. എൻ. ഷൈലാജ്, ജിജോ ചെറിയാൻ, ഏബ്രഹാം കുന്നുകണ്ടം തുടങ്ങിയവർ പ്രസംഗിച്ചു.
പ്രമാടം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായി പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോബിൻ മോൻസി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ഡിസിസി ജനറൽ സെക്രട്ടറി രഘുനാഥ് കുളനട, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ,
മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ലീലാരാജൻ, പ്രസീതാ രഘു യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, യുഡിഎഫ് പ്രമാടം പഞ്ചായത്ത് കൺവീനർ ജോസ് പനച്ചിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
അടൂർ: സമാനതകളില്ലാത്ത കാരുണ്യത്തിന്റെ ആൾരൂപമാണ് ഉമ്മൻ ചാണ്ടിയെന്ന് അടൂർ സെന്റ് സിറിൾസ് കോളജ് മുൻ പ്രിൻസിപ്പൽ ഡി.കെ. ജോൺ. സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ജോൺ സി. വർഗീസ് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജോസഫ് ശാമുവേൽ തറയിൽ, ഫാ. പി.എം. ഏബ്രഹാം, തോമസ് ജോൺ മോളേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.