പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തണം: ചിറ്റയം ഗോപകുമാര്‍
1577242
Sunday, July 20, 2025 4:15 AM IST
പത്തനംതിട്ട: ജീവിതത്തില്‍ നല്ലതെന്നു തോന്നുന്ന ഏതു മേഖലയിലും തനിക്ക് നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന ചിന്ത കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വായനപക്ഷാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രസ്ക്ലബ് ലൈബ്രറി ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്റര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കേട്ടെഴുത്ത് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മിത ബുദ്ധിയുടെ ഈ കാലയളവില്‍ ജീവിതത്തെക്കുറിച്ചുള്ള നല്ല സ്വപ്നങ്ങള്‍ മെനയണം. അതിലൂടെ തനിക്ക് എന്തുകൊണ്ട് അതു സാധ്യമായിക്കൂടാ എന്ന ചിന്ത വളര്‍ന്നുവരണമെന്നും ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു.
കേട്ടെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം - എ. അദിന്, മാധവ് രാജീവ് (നേതാജി എച്ച്എസ്എസ്, പ്രമാടം), രണ്ടാം സ്ഥാനം - അഭിനവ് രവി, നിരഞ്ജന ദേവി (ആര്യഭാരതി എച്ച്എസ്, ഓമല്ലൂര്‍), പൂജ ഗോപന്, ടി.എസ്. സ്നേഹ (മാര്‍ത്തോമ്മ എച്ച്എസ്എസ്, പത്തനംതിട്ട), മൂന്നാം സ്ഥാനം - എ. ഗായത്രി, ടി.എസ്. റിമ (കാതോലിക്കേറ്റ് എച്ച്എസ്എസ്, പത്തനംതിട്ട) എന്നീ കുട്ടികള്‍ കരസ്ഥമാക്കി.
ഇതോടനുബന്ധിച്ച ഭാഷാ സെമിനാറിന് പ്രഫ. മാലൂര്‍ മുരളീധരന് നേതൃത്വം നല്കി. പ്രസ്ക്ലബ് ലൈബ്രറി പ്രസിഡന്റ് ജി. വിശാഖന് അധ്യക്ഷത വഹിച്ചു. ബിജു കുര്യന്, അനില്‍ വള്ളിക്കോട് എന്നിവര്‍ പ്രസംഗിച്ചു.