സീതത്തോട് -നിലയ്ക്കല്‍ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്
1592545
Thursday, September 18, 2025 3:46 AM IST
പദ്ധതി ചെലവ് 120 കോടി രൂപ
പെരുനാട്, സീതത്തോട് പഞ്ചായത്തുകളിൽ ശബരിമല തീർഥാടകർക്കും പ്രയോജനം
പത്തനംതിട്ട: മലയോര ജനതയുടെ ചിരകാല അഭിലാഷമായിരുന്ന സീതത്തോട് - നിലയ്ക്കല്‍ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തില്‍. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്തുന്ന ലക്ഷക്കണക്കിനു ശബരിമല തീർഥാടര്‍ക്കും പെരുനാട് ഗ്രാമപഞ്ചായത്തിലെ നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ ഭാഗങ്ങളിലും സീതത്തോട് ഗ്രാമപഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്ന ബൃഹത്ത് പദ്ധതിയാണിത്.
നബാര്‍ഡ് ഫണ്ടിനൊപ്പം ജല്‍ജീവന്‍ മിഷനിലും ഉള്‍പ്പെടുത്തി 120 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. മലയോര മേഖലയിലെ കുടിവെള്ള പ്രശ്നത്തിനും ജലവിതരണത്തിനായി ചെലവഴിക്കുന്ന കോടികളുടെ അധിക ബാധ്യതയ്ക്കും പദ്ധതിയിലൂടെ പരിഹാരമാകും. പദ്ധതിയിലൂടെ ശബരിമലയിൽ മണ്ഡല, മകരവിളക്കുകാല തീര്‍ഥാടനത്തിനു ടാങ്കര്‍ വഴിയുളള ജല വിതരണം പരമാവധി ഒഴിവാക്കാനും ആവശ്യമായ കുടിവെളള വിതരണം ഉറപ്പാക്കാനും സാധിക്കും.
13 ദശലക്ഷം ലിറ്റർ
13 ദശലക്ഷം ലിറ്റര്‍ പ്രതിദിനം ശേഷിയുളള ജലശുദ്ധീകരണശാല, ആറ് ലക്ഷം ലിറ്റര്‍ ശേഷിയുളള മൂന്ന് സമ്പ് കം പമ്പ് ഹൗസ്, 508 എംഎം വ്യാസമുളള എംഎസ് പൈപ്പുകള്‍ ഉപയോഗിച്ചുളള 20,151 മീറ്റര്‍ നീളമുള്ള ലൈനുകള്‍ , നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 20 ലക്ഷം ലിറ്റര്‍ വീതം ശേഷിയുളള മൂന്ന് ഓവര്‍ ഹെഡ് സ്റ്റോറേജ് റിസര്‍വോയറുകള്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.
കക്കാട്ടാറ് കേന്ദ്രീകരിച്ച് നിലയ്ക്കല്‍ - സീതത്തോട് കുടിവെള്ള പദ്ധതിയുടെ നിര്‍മാണം 2016 ലാണ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിര്‍മാണം ഒമ്പത് കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത പ്രവൃത്തികള്‍ ജൽജീവന്‍ മിഷനിലൂടെ നടപ്പാക്കി.
അവസാന ഘട്ടം
ആറ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള മൂന്ന് സമ്പ് കം ബൂസ്റ്റര്‍ പമ്പ് ഹൗസുകൾ, നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 20 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മൂന്ന് ഉന്നതതല ജലസംഭരണി, 22.17കിലോമീറ്ററിൽ 500 എംഎം എംഎസ് ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിൻ, പമ്പ് ഹൗസുകളിലും ശുദ്ധീകരണശാലയിലും പമ്പ് സെറ്റ്, ട്രാന്‍സ്ഫോമര്‍ എന്നിവയാണ് അവസാനഘട്ടത്തിലുള്ളത്.
തത്തയ്ക്കാമണിയിലെയും എസ് കര്‍വിന് സമീപവും പ്ലാപ്പളളിയിലുമുളള ആറ് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സമ്പ് കം ബൂസ്റ്റര്‍ പമ്പ് ഹൗസുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ബിഎസ്എൻഎല്‍ ടവറിന് സമീപമുള്ള 20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയും തയാറായി.
ഗോശാലയ്ക്കും പളളിയറക്കാവ് ക്ഷേത്രത്തിനു സമീപമുള്ള 20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണികളുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ മണ്ഡലക്കാലത്ത് നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള താത്കാലിക സ്റ്റീല്‍ ടാങ്കില്‍നിന്നു ട്രയല്‍റണ്‍ വഴി ജലവിതരണം നടത്തിയിരുന്നു.
എല്ലാ വീടുകളിലും ശുദ്ധജലം ജില്ലാതല പ്രഖ്യാപനം നാളെ
പത്തനംതിട്ട: ജല്‍ ജീവന് മിഷന്റെ എല്ലാ വീടുകളിലും ശുദ്ധജലം ജില്ലാതല പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് തിരുവല്ല മണിപ്പുഴ മന്നം മെമ്മേറിയല്‍ എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കേരള ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയര്‍ ആർ. വി. സന്തോഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജല്‍ ജീവന് മിഷന് പദ്ധതിയിലൂടെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന് നല്കി 100 ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്താണ് നെടുമ്പ്രം. 1.88 കോടി രൂപ ചെലവഴിച്ചാണ് എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കിയത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അനു, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, കെഎസ് സിഇഡബ്ല്യുബി വൈസ് ചെയര്മാന് ആർ. സനല്‍കുമാര്‍, കേരള ജല അഥോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജൻ, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവർ പ്രസംഗിക്കും.