മലങ്കര കത്തോലിക്കാ സഭയുടെ പൗരാണിക അടിത്തറ അല്മായർ: മാർ കൂറിലോസ്
1592547
Thursday, September 18, 2025 3:46 AM IST
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭയുടെ പൗരാണിക അടിത്തറ അല്മായരാണെന്ന് തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്. മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാർഷികാഘോഷത്തോടും സഭാ സംഗമത്തോടും അനുബന്ധിച്ച് അടൂർ മാർ ഈവാനിയോസ് നഗറിൽ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ അല്മായരുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കും മുന്പുതന്നെ മലങ്കര സഭ അല്മായരെ വലിയ തോതിൽ പരിഗണിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ലാഭമായതിനെയെല്ലാം ഉച്ഛിഷ്ടം പോലെ കരുതിയ സഭാപിതാക്കന്മാരുടെയും വിശ്വാസികളുടെയും സംഗമമാണ് പുനരൈക്യ വാർഷികാഘോഷങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മാർ ഈവാനിയോസ് മെത്രാപ്പോലീത്തയോടൊപ്പം ആദ്യമായി പുനരൈക്യപ്പെട്ട അല്മായൻ കിളീലേത്ത് ചാക്കോയെ അദ്ദേഹത്തിന്റെ ഓർമദിനത്തിൽ നമുക്ക് അനുസ്മരിക്കാനായി. സഭയുടെ ചരിത്രത്തിലാദ്യമായി പുനരൈക്യ വേദിയിൽ ഒരു അല്മായനെ ഓർക്കുന്നതും അദ്ദേഹത്തിനായി ഒരു ദിനം മാറ്റിവയ്ക്കുന്നതും ഇതാദ്യമാണെന്നും ആർച്ച് ബിഷപ് പറഞ്ഞു.
തന്റെ കുടുംബ ഉത്തരവാദിത്വങ്ങൾക്കുപരിയായി സഭയെ സ്നേഹിക്കുകയും പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത മഹത് വ്യക്തിയായിരുന്നു കിളീലേത്ത് ചാക്കോയെന്നും അദ്ദേഹം അനുസ്മരിച്ചു.
പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ്, ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. തോമസ് മാർ അന്തോണിയോസ് എന്നിവരും സന്നിഹിതരായിരുന്നു.