തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ഹരിതചട്ടം ഉറപ്പാക്കും: കമ്മീഷൻ
1592549
Thursday, September 18, 2025 3:46 AM IST
പത്തനംതിട്ട: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചു ചേര്‍ത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജന്‍സികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇതു സംബന്ധിച്ച കര്‍മപരിപാടിക്ക് രൂപം നല്കി.
പൊതുജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 10 വരെ സമര്‍പ്പിക്കാം. തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ഹരിതകര്‍മസേന എന്നിവയുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം ഉറപ്പാക്കും.
ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും നിരീക്ഷണസമിതി രൂപീകരിക്കാനും തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രങ്ങൾ, ഓഫീസുകള്‍, തെരഞ്ഞെടുപ്പ് വിതരണകേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഇവിടങ്ങളിലെ മാലിന്യങ്ങള്‍ ഉടന്‍തന്നെ നീക്കം ചെയ്യാനായി ഹരിതകര്‍മസേനയുടെയും ക്ലീന്‍കേരള കമ്പനിയുടെയും സേവനം പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ഭക്ഷണവിതരണം നടത്താനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും.
സ്ഥാനാർഥികൾ, രാഷ്ട്രീയപാര്‍ട്ടികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന് ഒരു പോലെ ഉത്തരവാദിത്വമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ഇതിനായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കും.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാർഥികളും ഉറപ്പാക്കണം. നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ പിഴ ഈടാക്കും.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 10 ന് മുമ്പ് cru.sec@ kerala. gov.in എന്ന ഇ-മെയില്‍ വിലാസത്തിലും, സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മിഷന്, ജനഹിതം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമര്‍പ്പിക്കാം.
തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി. വി. അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശൻ, ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു. വി. ജോസ്, തെഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി ബി. എസ്. പ്രകാശ്, മറ്റു ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.