യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു
1592550
Thursday, September 18, 2025 3:46 AM IST
പത്തനംതിട്ട: നരിയാപുരത്ത് പാറമടയുടെ ചെങ്കുത്തായ വശത്ത് കുടുങ്ങിയ യുവാവിനെ പത്തനംതിട്ട അഗ്നി രക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി . നരിയാപുരം തുണ്ടത്തിൽ വടക്കേതിൽ മോഹനൻ മകൻ ഷാനു (27) ആണ് പമ്പുക്കുഴി പാറമടയിൽ കുടുങ്ങിയത്.
ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം അഗ്നി രക്ഷിസേന പുതുതായി ആരംഭിച്ച മൗണ്ടൻ റെസ്ക്യൂ ടീം വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തി. ചെങ്കുത്തായ പാറമടയുടെ വശത്തു നിന്നും ഷാനുവിനെ റെസ്ക്യൂ റോപ്പ് ഉൾപ്പെടെ ഉപകരണങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമാകാന്ത്, രഞ്ജിത്ത്, ഷൈജു എന്നിവർ റോപ്പിൽ താഴേക്ക് ഇറങ്ങിച്ചെന്ന് ഷാനുവിനെ റോപ്പിൽ ബന്ധിച്ച് മുകളിലേക്ക് എത്തിച്ചു. മുകളിൽ നിന്നും ഏകദേശം 30 അടിയോളം താഴേക്ക് ഇറങ്ങിയ ഷാനു ചവിട്ടി നിൽക്കാൻ പറ്റുന്ന ഭാഗത്ത് പിടിച്ചു നിന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
ദുർഘടം പിടിച്ച വഴിയിലൂടെ ഒരു കിലോമീറ്ററോളം നടന്നാണ് രക്ഷാ പ്രവർത്തകർ സ്ഥലത്ത് എത്തിയത്. ഷാനു മാനസിക അസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് ബന്ധുക്കൾ അറിയിച്ചു. രക്ഷപ്പെടുത്തിയ ഷാനുവിനെ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് സംഘത്തെ ഏല്പിച്ച് അഗ്നി രക്ഷാ സേന മടങ്ങി.
സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. രഞ്ജിത്ത് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺ കുമാർ, അഞ്ജു, അനിൽകുമാർ, രാജശേഖരൻ നായർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
photo:
നരിയാപുരത്ത് പാറമടയിൽ ആൾ കുടുങ്ങിയ ചെങ്കുത്തായ ഇടം.