ആഗോള അയ്യപ്പ സംഗമത്തില്‍ 3000 പ്രതിനിധികള്‍; രജിസ്ട്രേഷന് അവസാനിച്ചു
1592555
Thursday, September 18, 2025 3:53 AM IST
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്കായി പമ്പയില്‍ 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും. 15 വരെ ആയിരുന്നു ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിന് ഭക്തര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം.
രജിസ്ട്രേഷന് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 4864 ഭക്തരാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേരെയാണ് ആഗോള സംഗമത്തിലെ പ്രതിനിധികളായി തെരഞ്ഞെടുത്തത്.
ഈ പ്രതിനിധികള്‍ക്ക് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച സാമൂഹിക- സാംസ്കാരിക- സാമുദായിക സംഘടനകളിലെ അഞ്ഞൂറോളം പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുള്ളു.
സംഗമത്തിൽ ശബരിമല മാസ്റ്റർപ്ലാൻ ചർച്ചകൾ മുൻ ചീഫ് സെക്രട്ടറി ഡോ.കെ.ജയകുമാർ നയിക്കും. ആധ്യാത്മിക ടൂറിസം സംബന്ധിച്ച ചർച്ചകൾക്ക് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ നേതൃത്വം നൽകും. ശബരിമലയിലെ തിരക്ക് നിയന്ത്രണ മാർഗങ്ങൾ സംബന്ധിച്ച വിഷയം മുൻ ഡിജിപി ജേക്കബ് പുന്നൂസ് അവതരിപ്പിക്കും.