ഇടവഴി കൈയടക്കി വലിയ വാഹനങ്ങൾ, അപകടം പതിയിരിക്കുന്നു
Friday, July 12, 2019 10:51 PM IST
കോന്നി : കോന്നി - പുനലൂർ റോഡിൽ റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തു കൂടിയുള്ള ഇടവഴി വലിയ വാഹനങ്ങൾ കൈയടക്കിയത് അപകടത്തിന് വഴിയൊരുക്കുന്നു. പ്രധാന പാതയിൽ നിന്നും ആനക്കൂട് റോഡിലേക്കിറങ്ങുന്ന വീതി കുറഞ്ഞ വഴിയിലൂടെ സ്കൂൾ ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്നതുമൂലം ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്..

ധാരാളം വിദ്യാർഥികൾ സഞ്ചരിക്കുന്ന ഈ വഴിയിൽ അപകടങ്ങൾക്കുള്ള സാധ്യത ഏറെയാണ്. വീതി കുറഞ്ഞ ഈ വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവാണ്. റോഡിന്‍റെ അവസ്ഥയും ശോചനീയമാണ്. പഞ്ചായത്തിന്‍റെ ശ്രദ്ധയിൽ പല തവണ വിഷയം കൊണ്ടു വന്നെങ്കിലും ഒരു നടപടിയുമില്ല. എന്തെങ്കിലും അപകടം സംഭവിച്ചു കഴിഞ്ഞേ ഇവരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകൂ. സമീപത്തെ സ്കൂളിലേക്കും സ്വകാര്യ കോളജിലേക്കും പോകുന്ന നുറുക്കണക്കിനു കുട്ടികൾ ആശ്രയിക്കുന്ന പാതയാണിത്.വാഹന പരിശോധനയുള്ളപ്പോഴും ലോഡു കയറ്റിയ മിനി ടിപ്പറുകളും ഈ വഴിയിൽ കൂടി പായുകയാണ്. കുട്ടികളുടെ ജീവനെ കരുതിയെങ്കിലും അധികാരികൾ നടപടി സ്വീകരിക്കണമെന്ന് കോന്നി ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.