പത്തനംതിട്ട: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതി പ്രകാരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നടപ്പിലാക്കുന്ന സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സാമ്പത്തിക പരിമിതികളാല്‍ കുട്ടികളെ കുടുംബങ്ങളില്‍നിന്ന് അനാഥാലയങ്ങളിലേക്കു മാറ്റി പാര്‍പ്പിക്കുന്നതിനു പകരം കുട്ടികളുടെ ജീവിത- വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുളള തുക ലഭ്യമാക്കി കുട്ടികളെ കുടുംബത്തില്‍ തന്നെ സംരക്ഷിക്കുന്നതിനുളള പദ്ധതിയാണ് ഇത്.
അപേക്ഷകര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരു വിധ ധനസഹായവും ലഭിക്കാത്തവരാകണം. ഏക രക്ഷിതാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍, എച്ച്ഐവി ബാധിതരായ കുട്ടികള്‍, എച്ച്ഐവി ബാധിതരായ രക്ഷിതാവിന്റെ കുട്ടികള്‍, തടവുശിക്ഷ അനുഭവിക്കുന്ന രക്ഷിതാവിന്റെ കുട്ടികള്‍, ശയ്യാവലംബരായ രക്ഷിതാവിന്റെ കുട്ടികള്‍, മാരകരോഗങ്ങള്‍ ബാധിച്ച രക്ഷിതാവിന്റെ കുട്ടികള്‍, മാരക രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ എന്നിവര്‍ക്കാണ് സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷയോടൊപ്പം കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയില്‍ നിന്നും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരുവിധ ധനസഹായവും സ്കൂള്‍ മുഖേന കൈപ്പറ്റുന്നില്ല എന്നുള്ള സാക്ഷ്യപത്രവും, ജനന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, (വാര്‍ഷിക വരുമാനം 24000 രൂപയില്‍ താഴെ), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ കോപ്പി, കുട്ടിയുടെയും രക്ഷിതാവിന്റെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ എടുത്ത ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കു സമര്‍പ്പിക്കണം.
യോഗ്യരായ കുട്ടികളുടെ രക്ഷിതാവിന്റെയും കുട്ടിയുടെയും സംയുക്ത അക്കൗണ്ടിലേക്കു പ്രതിമാസം 2000 രൂപ വീതം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ സമീപിക്കുക. 0468 2319998,8281954196, 8589990362.