ശബരിമല: മണ്ഡല- മകരവിളക്ക് തീർഥാടന കാലത്ത് പൂങ്കാവനത്തെ ശുചിത്വപൂർണമാക്കി ശബരിമല സാനിറ്റേഷൻ സൊസൈറ്റിയിൽ നിന്ന് 225 വിശുദ്ധിസേനാംഗങ്ങൾ. സന്നിധാനം, പന്പ, നിലയ്ക്കൽ ബേയ്സ്ക്യാന്പ്, പന്തളം, കുളനട എന്നിവിടങ്ങളിലായാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.
അഖില ഭാരത അയ്യപ്പസേവാ സംഘം തമിഴ്നാട് യൂണിറ്റാണ് വിശുദ്ധിസേനാംഗങ്ങളെ ശബരിമല സാനിറ്റേഷൻ സൊസൈറ്റിക്ക് ലഭ്യമാക്കിയിരിക്കുന്നത്. ജില്ലാ കളക്ടർ പി.ബി. നൂഹ് ചെയർമാനായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ മെംബർ സെക്രട്ടറി അടൂർ ആർഡിഒ എസ്. ഹരികുമാറാണ്.സന്നിധാനം 100, പന്പ 50, നിലയ്ക്കൽ ബേയ്സ്ക്യാന്പ് 50, പന്തളം 20, കുളനട അഞ്ച്, എന്നിങ്ങനെയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങൾ തരംതിരിച്ച് സന്നിധാനം, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഇൻസിനറേറ്ററിൽ എത്തിച്ച് സംസ്കരിക്കും. സന്നിധാനത്തെയും പന്പയിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പന്പയിലെത്തിച്ച് ശുചിത്വ മിഷൻ വഴി സംസ്കരണത്തിനായി നൽകുന്നു.വിശുദ്ധിസേനാംഗങ്ങളുടെ സേവനം 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒരു വിശുദ്ധിസേനാംഗത്തിന് ഒരു ദിവസം എട്ട് മണിക്കൂറാണ് ജോലിസമയം. വിശുദ്ധിസേനാംഗങ്ങൾക്ക് യൂണിഫോം, മാസ്ക്ക്, സാനിറ്റൈസർ, കൈയുറ, പായ, പുതപ്പ്, സോപ്പ്, വെളിച്ചെണ്ണ, ഭക്ഷണ സൗകര്യം, താമസ സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇവർക്ക് ഭക്ഷണം കഴിക്കാൻ പാത്രങ്ങളും ഗ്ലാസുകളും നൽകിയിട്ടുണ്ട്.
ശുചീകരണത്തിനായി വിശുദ്ധിസേനാംഗങ്ങൾക്ക് ചൂല്, കോരി ഉൾപ്പെടെ ഉപകരണങ്ങളും നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് സേവനത്തിനായി എത്തിയ കോവിഡ് പശ്ചാത്തലത്തിൽ വിശുദ്ധിസേനാംഗങ്ങളെ വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ ക്വാറൈന്റെൻ കേന്ദ്രത്തിൽ ഏഴ് ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നു. തുടർന്ന് കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ഫലം ഉറപ്പാക്കിയശേഷമാണ് ജോലിക്കു നിയോഗിച്ചത്.