കൊടുമണ്‍: സംഘടനാ പാരന്പര്യത്തിന്റെ കരുത്തിലാണ് കൊടുമണ്ണിലെ വനിതാപോര്. ത്രിതല പഞ്ചായത്ത് സംവിധാനവുമായി അടുത്തിടപഴകിയിവർ ഇടതു, വലതു സ്ഥാനാർഥികളാകുന്പോൾ എൻഡിഎയുടെ നവാഗത സ്ഥാനാർഥിയുടെ വരവ് വ്യക്തമായ കാഴ്ചപ്പാടോടെയാണ്.
ത്രികോണ പോരാട്ടത്തിനൊടുവിൽ കൊടുമണ്ണിലെ അന്തിമവിജയം പ്രവചനാതീതമാകുകയാണ്.
ഇടത്തേക്കു പതിവായി ചിന്തിച്ചിരുന്ന കൊടുമണ്ണിനെ വനിതാ പോരാട്ടത്തിലൂടെ 2010ൽ വലത്തേക്കു കൊണ്ടുവന്നതാണ്. അതേ സാഹചര്യം വീണ്ടും സംജാതമാക്കാനാണ് യുഡിഎഫ് ശ്രമം. കോട്ട കൈവിട്ടുപോകാതിരിക്കാനുള്ള തന്ത്രങ്ങളാണ് എൽഡിഎഫിനുള്ളത്. പരമാവധി വോട്ടുറപ്പിച്ച് അത്ഭുതം സൃഷ്ടിച്ചെടുക്കാൻ എൻഡിഎയും. ഇതിലൂടെ കൊടുമണ്ണിലെ വനിതാ പോരാട്ടത്തിന് വീര്യമേറി.
കോണ്‍ഗ്രസിലെ ലക്ഷ്മി അശോകും എൽഡിഎഫിലെ ബീനാ പ്രഭയും ബിജെപിയിലെ അശ്വതി സുധാകറുമാണ് പ്രധാന സ്ഥാനാർഥികൾ.ജില്ലാ പഞ്ചായത്ത് രൂപീകരണത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 1995ൽ പത്തനംതിട്ട ജില്ലയൊട്ടാകെ യുഡിഎഫ് തരംഗം ഉണ്ടായപ്പോഴും കൊടുമണ്‍ ഡിവിഷൻ എൽഡിഎഫിനെയാണ് പിന്തുണച്ചത്. ശാന്തി ദാമോദരനാണ് ആദ്യ ജില്ലാ പഞ്ചായത്തംഗം. പിന്നീട് മണ്ഡലത്തിന്റെ അതിർത്തികളിൽ മാറ്റം വന്നതോടെ 2000 ൽ കോണ്‍ഗ്രസിലെ തോപ്പിൽ ഗോപകുമാർ മണ്ഡലം പിടിച്ചെടുത്തു. 2005ൽ പ്രഫ.കെ. മോഹൻകുമാറിലൂടെ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിച്ചു.
2010ൽ മണ്ഡലം അതിർത്തി വീണ്ടും പുനർനിർണയിച്ചപ്പോൾ കോണ്‍ഗ്രസിലെ പി. വിജയമ്മ, സിപിഎമ്മിലെ സൗദാ രാജനെ പരാജയപ്പെടുത്തി. കഴിഞ്ഞതവണ വീണ്ടും അതിർത്തികളിൽ ചില മാറ്റങ്ങളുണ്ടായി. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് ബാബു ജോർജായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥി. അദ്ദേഹത്തെ പരാജയപ്പെടുത്തിയാണ് സിപിമ്മിലെ ആർ.ബി. രാജീവ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് പ്രതിനിധിയിലൂടെ മണ്ഡലത്തിലുണ്ടായ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫിന്റെ പ്രധാന പ്രചാരണായുധം. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, കൊടുമണ്‍ ഗ്രാമപഞ്ചായത്തംഗവുമൊക്കെയായിരുന്ന ബീനാ പ്രഭയുടെ സ്ഥാനാർഥിത്വവും ഗുണകരമാകുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തംഗമായിരുന്ന ലക്ഷ്മി അശോകിനു ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്. കൊടുമണ്‍ മണ്ഡലത്തിന്റെ വികസനസാധ്യതകളും സംസ്ഥാന രാഷ്ട്രീയവുമെല്ലാം വിശദീകരിച്ചാണ് പ്രചാരണം. കഴിഞ്ഞതവണ നിസാരവോട്ടുകൾ കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാമെന്ന ഉറച്ചവിശ്വാസവും ലക്ഷ്മി അശോകിനുണ്ട്.
ബിഡിജെഎസിന്റെ സ്ഥാനാർഥിയാണ് അശ്വതി സുധാകർ. കന്നി പോരാട്ടമാണെങ്കിലും രാഷ്ട്രീയരംഗത്തും പൊതുപ്രവർത്തന മേഖലയിലുമുള്ള കണ്ടറിവുകളാണ് അശ്വതിയുടെ പോരാട്ടത്തിനു പിന്നിലുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കൊടുമണ്‍ മണ്ഡലാതിർത്തിയിലുണ്ടായ വോട്ടുവർധനയും ബിഡിജെഎസിന്റെ സാന്നിധ്യവുമാണ് എൻഡിഎയുടെ പ്രതീക്ഷ.
സ്ഥിതിയും ചരിത്രവും
പറക്കോട് ബ്ലോക്കിലെ ഏഴംകുളം, കൊടുമണ്‍, അങ്ങാടിക്കൽ, കലഞ്ഞൂർ, ഇളമണ്ണൂർ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കലഞ്ഞൂർ ജില്ലാ പഞ്ചായത്ത് മണ്ഡലം. കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകൾ, ഏഴംകുളത്തെ ഒന്‍പത്, ഏനാദിമംഗലത്തെ 13, കലഞ്ഞൂരിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളാണ് ഇതിലുള്ളത്.
2015ൽ
എൽഡിഎഫിലെ അഡ്വ.ആർ.ബി. രാജീവ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. വോട്ടിംഗ് നില: ആർ.ബി. രാജീവ് കുമാർ (സിപിഎം) - 18946, ബാബു ജോർജ് (കോണ്‍ഗ്രസ്) - 18834, ടി. രാജേഷ് (ആപ്പ്) - 931, കൊടുമണ്‍ എം.ജി. രാമചന്ദ്രൻ (ബിഎസ്പി) - 2230, സത്യൻ (സ്വത) - 710. ഭൂരിപക്ഷം: 112.
ലക്ഷ്മി അശോക് (യുഡിഎഫ്)
കലഞ്ഞൂർ ഗ്രാമപഞ്ചായത്തംഗമായിരുന്നു. കലഞ്ഞൂർ ഐഎച്ച്ആർഡി കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി നോക്കിയിരുന്നു. എംബിഎ ബിരുദധാരി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ഡിസിസി സോഷ്യൽ മീഡിയ കണ്‍വീനർ, ജനശക്തി ജില്ലാ കോ ഓർഡിനേറ്റർ, കലഞ്ഞൂർ സ്വദേശി.
ബീനാ പ്രഭ (എൽഡിഎഫ്)
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൊടുമണ്‍ ഗ്രാമപഞ്ചായത്തംഗം, സിപിഎം കൊടുമണ്‍ ഏരിയാ കമ്മിറ്റിയംഗം, എഐഡബ്ല്യുഎ കൊടുമണ്‍ ഏരിയാ സെക്രട്ടറി, എൻആർജിഎ വർക്കേഴ്സ് യൂണിയൻ ഏരിയാ പ്രസിഡന്റ് തുടങ്ങിയ നിലവകളിലും പ്രവർത്തിക്കുന്നു. അങ്ങാടിക്കൽ തെക്ക് സ്വദേശി.
അശ്വതി സുധാകർ (എൻഡിഎ)
അഭിഭാഷക. ബിരുദപഠനം റാങ്കോടെ പാസായശേഷം കോഴിക്കോട് ഗവണ്മെന്റ് ലോ കോളജിൽ എൽഎൽഎം വിദ്യാർഥിനി. ബിഡിജെഎസ് സ്ഥാനാർഥി, എൽഎൽബി പഠനകാലത്ത് എബിവിപി വനിതാ വിഭാഗം സെക്രട്ടറിയും ബാലഗോകുലം താലൂക്ക് ഭാരവാഹിയും ആയിരുന്നു. ഏഴംകുളം സ്വദേശി.