ആലപ്പുഴ: ജില്ലയിൽ ഒന്പതുവാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇന്ന് കോവിഡ് 19 പ്രതിരോധ കുത്തിവയ്പ് നടത്തും. ജില്ലാ വാക്സിൻ സ്റ്റോറിൽ സംഭരിച്ചിരിക്കുന്ന വാക്സിൻ അതത് കേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജ്, ആലപ്പുഴ ജനറൽ ആശുപത്രി, ചെങ്ങന്നൂർ, മാവേലിക്കര, ജില്ലാ ആശുപത്രികൾ, കായംകുളം താലൂക്ക് ആശുപത്രി, ആർഎച്ച്റ്റിസി ചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, ചെന്പുംപുറം സാമൂഹികാരോഗ്യകേന്ദ്രം, സേക്രഡ് ഹാർട്ട് ആശുപത്രി ചേർത്തല എന്നിവിടങ്ങളാണ് ആദ്യഘട്ടത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ. ആദ്യഘട്ടം ആദ്യ ദിനത്തിൽ വാക്സിനേഷൻ സ്വീകരിക്കുന്നതിന് ആരോഗ്യപ്രവർത്തകരിലെ എല്ലാ മേഖലകളിൽനിന്നും പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്ത ആരോഗ്യ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും തുടർന്ന് വാക്സിനേഷനു വിധേയരാകേണ്ട പൊതുജനങ്ങൾക്കും പ്രചോദനം നല്കാൻ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട ആരോഗ്യപ്രവർത്തകർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ വാക്സിൻ എടുക്കും.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജർ (എൻഎച്ച്എം) ഡോ. കെ.ആർ. രാധാകൃഷ്ണൻ, ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്. സുജ, ജില്ലാ നഴ്സിംഗ് ഓഫീസർ ഗീത, ടെക്നിക്കൽ അസിസ്റ്റന്റ ് സജി പി. സാഗർ, ജില്ലാ മെഡിക്കൽ ഓഫീസ് ഉദ്യോഗസ്ഥൻ റോഷൻ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ വസന്തി ലാറ, സ്റ്റോർ സൂപ്രണ്ട് എസ്. സതീഷ്, ഡ്രൈവർ സന്തോഷ്, ടി.ബി.സെന്ററിലെ ലാബ് ടെക്നീഷൻ എ. ജയ തുടങ്ങി ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, ശുചീകരണ ജോലിക്കാർ എന്നിവരിൽനിന്നുമെല്ലാം പ്രതിനിധികൾ വാക്സിൻ സ്വീകരിക്കുന്നുണ്ട്.
കോവിഡ് വാക്സിനേഷൻ റൂമിൽ വാക്സിൻ എടുക്കുന്ന ആൾ ഒഴികെ മറ്റാർക്കും പ്രവേശനമില്ല. മാധ്യമപ്രവർത്തകർക്കും പ്രവേശനം ഇല്ല. കോണ്ഫിഡൻസ് ബിൽഡിംഗ് മെഷറിന്റെ ഭാഗമായി ഡിഎംഒ അടക്കം ആരോഗ്യപ്രവർത്തകരിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ ഇന്നു ജനറൽ ആശുപത്രിയിൽ വാക്സിനേഷൻ എടുക്കുന്നുണ്ട്.