പോ​ര്‍​ട്ട് മ്യൂ​സി​യ​ത്തി​ല്‍ ഇനി യുദ്ധക്കപ്പലും
Monday, September 20, 2021 11:32 PM IST
ചേ​ര്‍​ത്ത​ല: ആ​ല​പ്പു​ഴ പോ​ര്‍​ട്ട് മ്യൂ​സി​യ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ല്‍ ത​ണ്ണീ​ർ​മു​ക്ക​ത്ത് എ​ത്തി. സേ​ന ഡീ​ക​മീ​ഷ​ന്‍ ചെ​യ്ത ക​പ്പ​ലാ​ണ് എ​ത്തി​യ​ത്. എ​ന്‍​ജി​നി​ല്ലാ​ത്ത ക​പ്പ​ല്‍ കൊ​ച്ചി നാ​വി​ക​സേ​നാ ആ​സ്ഥാ​ന​ത്തു​നി​ന്നു കോ​ട്ട​യ​ത്തും തു​ട​ര്‍​ന്ന് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലൂ​ടെ പ്ര​ത്യേ​ക ട​ഗ്ഗ് ബോ​ട്ടി​ല്‍ കെ​ട്ടി​വ​ലി​ച്ച് ത​ണ്ണീ​ര്‍​മു​ക്ക​ത്തും എ​ത്തി.

ഇ​വി​ടെ​നി​ന്നു ക​ര​മാ​ര്‍​ഗം പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ല്‍ ആ​ല​പ്പു​ഴ പോ​ര്‍​ട്ട് മ്യൂ​സി​യ​ത്തി​ലെ​ത്തി​ക്കും. സൂ​പ്പ​ര്‍ ദ്വാ​ര എം.​കെ. സെ​ക്ക​ന്‍​ഡ്ക്ലാ​സ് യു​ദ്ധ​ക്ക​പ്പ​ല്‍ നി​ര​യി​ലെ ര​ണ്ടാ​മ​ത്തെ ഫാ​സ്റ്റ് അ​റ്റാ​ക്ക് ഇ​ന്‍​ഫാ​ക്ട്-81 ആ​ണ് മ്യൂ​സി​യ​ത്തി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്.

20 മീ​റ്റ​ര്‍ നീ​ള​വും 80 ട​ണ്‍ ഭാ​ര​വു​മു​ള്ള ക​പ്പ​ല്‍ 1999 ജൂ​ണി​ലാ​ണ് ക​മ്മീ​ഷ​ന്‍ ചെ​യ്ത​ത്. കാ​ല​ഹ​ര​ണ​പ്പെട്ട​തോ​ടെ 2021 ജ​നു​വ​രി​യി​ല്‍ ഡീ​ക​മ്മീ​ഷ​ന്‍ ചെ​യ്തു. ക​പ്പ​ല്‍ ഇ​നി ആ​ല​പ്പു​ഴ​യ്ക്കു കാ​ഴ്ച വി​രു​ന്നൊ​രു​ക്കും.

നാ​വി​കസേ​ന​യ്ക്കൊ​പ്പം അ​ഗ്നി​ശ​മ​ന​സേ​ന, പോ​ലീ​സ്, കെഎ​സ്ഇബി സ​ഹ​ക​ര​ണ​ത്തി​ലാ​യി​രി​ക്കും ആ​ല​പ്പു​ഴ​യി​ലേ​ക്ക് കപ്പൽ കൊണ്ടുവരു ക. ​ദി​വ​സം ആ​റു​കി​ലോ​മീ​റ്റ​ര്‍ യാ​ത്ര​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സു​ഗ​മ​മാ​യ യാ​ത്ര​ക്കാ​യി ഇ​ല​ക്ട്രി​ക് ലൈ​നു​ക​ളും മ​ര​ച്ചി​ല്ല​ക​ളും അ​ട​ക്കം ത​ട​സങ്ങ​ളെ​ല്ലാം നീ​ക്കും. ആ​ല​പ്പു​ഴ​യി​ല്‍ യാ​ത്ര​യ്ക്കു ക്ര​മീ​ക​ര​ണ​മൊ​രു​ക്കാ​ന്‍ റെ​യി​ല്‍​വേ​യു​ടെ​യും സ​ഹ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.