സിബിഎൽ രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നാളെ പുളിങ്കുന്നാറ്റിൽ
1223638
Thursday, September 22, 2022 10:28 PM IST
മങ്കൊമ്പ്: പുളിങ്കുന്നാറ്റിൽ നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് രാജീവ് ഗാന്ധി ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സീസണിലെ മൂന്നാമത്തെ സിബിഎല്ലിനാണ് പുളിങ്കുന്നാർ വേദിയാകുന്നത്. 2.30 നു പതാക ഉയർത്തലോടെ മൽസരവള്ളംകളി ആരംഭിക്കും.
ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തും. സിബിഎൽ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, ജോയിക്കുട്ടി ജോസ്, ആർ.കെ. കുറുപ്പ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജാകുമാരി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് ചെറുവള്ളങ്ങളുടെ മൽസര വിജയികൾക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എം.വി. പ്രിയ സമ്മാനങ്ങൾ വിതരണം ചെയ്യും. മൽസരത്തിൽ നെഹ്റു ട്രോഫി ജലമേളയിൽ ഏറ്റവും കുറഞ്ഞ സമയത്തു ഫിനിഷ് ചെയ്ത ഒൻപതു ചുണ്ടൻ വള്ളങ്ങൾ മൽസരിക്കും.
ഇതിനു പുറമെ ഇരുട്ടുകുത്തി എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ്, വെപ്പ് ബി ഗ്രേഡ് എന്നീ ഇനങ്ങളിലായി രണ്ടു വീതം കളിവള്ളങ്ങളും മൽസരിക്കും. പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളിടി. ജോസ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ വാഴച്ചിറ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജോഷി കൊല്ലാറ, കൾച്ചറൽ കമ്മിറ്റി ചെയർമാൻ മനോജ് രാമമന്ദിരം, ഫുഡ് കമ്മിറ്റി ചെയർമാൻ മനോജ് കാനാച്ചേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സാംസ്കാരിക
ഘോഷയാത്ര ഇന്ന്
മങ്കൊമ്പ്: പുളിങ്കുന്നാറ്റിൽ നടക്കുന്ന രാജീവ് ഗാന്ധി ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യൻസ് ലീഗ് വള്ളംകളിയോടനുബന്ധിച്ചു ഇന്നു സാംസ്കാരിക ഘോഷയാത്ര നടക്കും.
പുളിങ്കുന്ന് പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് പുളിങ്കുന്ന് റോഡ് മുക്കിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി. ജോസ് ഫ്ളാഗ് ഓഫ് ചെയ്യും.
ഘോഷയാത്ര സമാപിക്കുന്ന പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ 3.30 നു നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.
അമ്പിളി ടി. ജോസ് മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, വെളിയനാട് ബ്ലോക്കി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആശാ ദാസ്, റോജി മണല, ബ്ലോക്ക്, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ, സാമുദായിക മേഖലയിലെ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.