ടിടിഎകെ ഡിജിറ്റല്‍ ടെക്നോളജിയിലേക്ക്
1223954
Friday, September 23, 2022 10:32 PM IST
ആലപ്പുഴ: ടേബിള്‍ ടെന്നീസ് അസോസിയേഷന് ഓഫ് കേരള (ടിടിഎകെ) ഡിജിറ്റല്‍ ടെക്നോളജിയിലേക്കു മാറുന്നു. കേരളത്തിലെ ടേബിള്‍ ടെന്നീസ് കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും ആവശ്യമായ എല്ലാ അറിയിപ്പുകളും രേഖകളും ഒരു പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും. വിശദമായ വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും മറ്റു വിവരങ്ങളും നല്‍കും.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വര്‍ധിച്ച സുതാര്യതയും കാര്യക്ഷമതയുമാണ് ടേബിള്‍ ടെന്നീസ് രംഗത്ത് ലക്ഷ്യമാക്കുന്നതെന്നു ടിടിഎകെ ഓണററി സെക്രട്ടറി മൈക്കിള്‍ മത്തായി വ്യക്തമാക്കി. കളിക്കാരുടെയും ക്ലബുകളുടെയും കാര്യക്ഷമമായ നിര്‍വഹണം, ജില്ലാ, സംസ്ഥാന അസോസിയേഷനുകളുടെ ഭരണം, ടൂര്‍ണമെന്റ് ഓട്ടോമേഷന്‍, കളിക്കാര്‍ക്കു നേരിട്ടുള്ള രജിസ്ട്രേഷന് തുടങ്ങിയവയെല്ലാം വേഗത്തില്‍ നടപ്പിലാക്കാനാകും. ക്ലബുകളുടേും ജില്ലാ അസോസിയേഷനുകളുടേയും സെക്രട്ടറിമാര്‍ക്കു നേരിട്ടു ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ttak.in എന്ന ഔദ്യോഗിക വെബ് സൈറ്റിലൂടെ പൊതുജനങ്ങള്‍ അടക്കമുള്ളവര്‍ക്കു വിവരങ്ങള്‍ ലഭ്യമാണ്.
അടുത്ത തലമുറ സ്പോര്‍ട്സ് മാനേജ്മെന്റ് സോഫ്റ്റ്വേറാണ് അടിസ്ഥാനം. സ്മാര്‍ട്ട് ഇന്റലിജന്റ് സ്പോര്‍ട്സ് മാനേജ്മെന്റ് ഓട്ടോമേഷന്‍ സൊല്യൂഷനാണ് ഉപയോഗിക്കുന്നത്. ഐകോര്‍ പയനിയര്‍ ബിസിനസ് സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണിത്. ടേബിള്‍ ടെന്നിസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ടിടിഎഫ്ഐ)-യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാനത്തെ ഏക ടേബിള്‍ ടെന്നിസ് സംഘടനയാണ് ടിടിഎകെ. മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത് ടിടിഎകെ മുഖേനയാണെന്നു പ്രസിഡന്റ് പത്മജ എസ്. മേനോന് വ്യക്തമാക്കി.