ആ​വേ​ശം വി​ത​റി സി​ബി​എ​ല്‍ മൂ​ന്നാം മ​ത്സ​രം
Saturday, September 24, 2022 11:06 PM IST
ആ​ല​പ്പു​ഴ: ഐ​പി​എ​ല്‍ ക്രി​ക്ക​റ്റി​ന്‍റെ മാ​തൃ​ക​യി​ല്‍ ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​മാ​യ ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് ര​ണ്ടാം ല​ക്ക​ത്തി​ന്‍റെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ പ​ക​ര​ത്തി​നു പ​ക​രം ചോ​ദി​ച്ച് പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ മ​ഹാ​ദേ​വി​ക്കാ​ട് കാ​ട്ടി​ല്‍ തെ​ക്കേ​തി​ല്‍. പു​ളി​ങ്കു​ന്നാ​റ്റി​ല്‍ എ​ന്‍​സി​ഡി​സി ബോ​ട്ട്ക്ല​ബ് കു​മ​ര​കം തു​ഴ​ഞ്ഞ (മൈ​റ്റി ഓ​ര്‍​സ്) ന​ടു​ഭാ​ഗം ചു​ണ്ട​നെ ഹീ​റ്റ്സി​ലും ഫൈ​ന​ലി​ലും ത​റ​പ​റ്റി​ച്ചാ​ണ് (3.49.51 മി​നി​റ്റ്) മ​ഹാ​ദേ​വി​ക്കാ​ട് വീ​ണ്ടും പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. അ​വ​സാ​ന പ​ത്തു മീ​റ്റ​റി​ല്‍ അ​വി​ശ്വ​സ​നീ​യ​മാ​യ മു​ന്നേ​റ്റം ന​ട​ത്തി പു​ന്ന​മ​ട ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ (റി​പ്പി​ള്‍ ബ്രേ​ക്കേ​ഴ്സ്) വീ​യ​പു​രം പു​ളി​ങ്കു​ന്നി​ല്‍ ര​ണ്ടാ​മ​താ​യി തു​ഴ​ഞ്ഞെ​ത്തി.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ഹീ​റ്റ്സ് മു​ത​ല്‍ ത​ന്നെ തു​ഴ​ക​ളി​ല്‍ തീ​പാ​റു​ന്ന മ​ത്സ​ര​മാ​ണ് ന​ട​ന്ന​ത്. ര​ണ്ടാം ഹീ​റ്റ്സി​ല്‍ ആ​ദ്യ​സ്ഥാ​ന​ങ്ങ​ള്‍ പ​ങ്കി​ട്ടി​രു​ന്ന ന​ടു​ഭാ​ഗ​വും മ​ഹാ​ദേ​വി​ക്കാ​ട് കാ​ട്ടി​ല്‍ തെ​ക്കേ​തി​ലും കാ​രി​ച്ചാ​ലു​മാ​ണ് മ​ത്സ​രി​ച്ച​ത്. ഏ​റ്റ​വും മി​ക​ച്ച സ​മ​യ​ത്തോ​ടെ ഹീ​റ്റ്സി​ല്‍ ഒ​ന്നാ​മ​തെ​ത്തി പി​ബി​സി (മ​ഹാ​ദേ​വി​ക്കാ​ട്) ത​ങ്ങ​ളു​ടെ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​ക്കി.

ഹീ​റ്റ്സി​ല്‍ കാ​ണി​ച്ച മി​ക​വ് ഫൈ​ന​ലി​ല്‍ പു​റ​ത്തെ​ടു​ക്കാ​ന്‍ ന​ടു​ഭാ​ഗ (എ​ന്‍​സി​ഡി​സി) ത്തി​നാ​യി​ല്ല. വീ​യ​പു​ര​മാ​ക​ട്ടെ ആ​ദ്യ​മാ​യി ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ അ​ഞ്ച് മൈ​ക്രോ​സെ​ക്ക​ന്‍റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ക​യും (3.51.26 മി​നി​റ്റ്) ചെ​യ്തു. 3.51.31 മി​നി​റ്റ് കൊ​ണ്ട് ന​ടു​ഭാ​ഗം (എ​ന്‍​സി​ഡി​സി) മൂ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്തു.

മൂ​ന്ന് സി​ബി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ 29 പോ​യി​ന്‍റു​ക​ളു​മാ​യി മ​ഹാ​ദേ​വി​ക്കാ​ട് കാ​ട്ടി​ല്‍ തെ​ക്കേ​തി​ല്‍ വീ​ണ്ടും പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി. എ​ന്‍​സി​ഡി​സി ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ 27 പോ​യി​ന്‍റു​ക​ളോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 24 പോ​യി​ന്‍റു​ക​ളോ​ടെ വീ​യ​പു​ര​മാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

കേ​ര​ള പോ​ലീ​സ് ബോ​ട്ട് ക്ല​ബ് (റേ​ജിം​ഗ് റോ​വേ​ഴ്സ്) ച​മ്പ​ക്കു​ളം (നാ​ല്-20 പോ​യി​ന്‍റ്), വേ​മ്പ​നാ​ട് ബോ​ട്ട് ക്ല​ബ് (പ്രൈ​ഡ് ചേ​സേ​ഴ്സ്) പാ​യി​പ്പാ​ട് (അ​ഞ്ച്-18 പോ​യി​ന്‍റ്), യു​ബി​സി കൈ​ന​ക​രി (കോ​സ്റ്റ് ഡോ​മി​നേ​റ്റേ​ഴ്സ്) കാ​രി​ച്ചാ​ല്‍ (ആ​റ്-16 പോ​യി​ന്‍റ്), ടൗ​ണ്‍ ട്ട് ​ക്ല​ബ് (ബാ​ക്ക് വാ​ട്ട​ര്‍ വാ​രി​യേ​ഴ്സ്) സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് (ഏ​ഴ്- 12 പോ​യി​ന്‍റ്), കെ​ബി​സി-​എ​സ്എ​ഫ്ബി​സി (ത​ണ്ട​ര്‍ ഓ​ര്‍​സ്) ആ​യാ​പ​റ​മ്പ് പാ​ണ്ടി (എ​ട്ട്- എ​ട്ട് പോ​യി​ന്‍റ്), വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് (ബാ​ക്ക് വാ​ട്ട​ര്‍ നൈ​റ്റ്സ്) ദേ​വാ​സ് (ഒ​മ്പ​ത്- ഏ​ഴ് പോ​യി​ന്‍റ്) എ​ന്നി​ങ്ങ​നെ​യാ​ണ് സ്ഥാ​ന​ങ്ങ​ളും പോ​യി​ന്‍റു​ക​ളും.

ഓ​രോ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ള്‍​ക്കും നാ​ല് ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും. ഇ​തി​ന് പു​റ​മെ ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷ​വും ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് മൂ​ന്നു ല​ക്ഷ​വും മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും അ​ധി​ക​മാ​യി ല​ഭി​ക്കും.

പി​റ​വം, എ​റ​ണാ​കു​ളം (ഒ​ക്ടോ​ബ​ര്‍ ഒ​ന്ന്), മ​റൈ​ന്‍ ഡ്രൈ​വ് എ​റ​ണാ​കു​ളം ( എ​ട്ട്), കോ​ട്ട​പ്പു​റം തൃ​ശൂ​ര്‍ (15), കൈ​ന​ക​രി, ആ​ല​പ്പു​ഴ ( 22), താ​ഴ​ത്ത​ങ്ങാ​ടി കോ​ട്ട​യം (29), പാ​ണ്ട​നാ​ട് ചെ​ങ്ങ​ന്നൂ​ര്‍ (ന​വം​ബ​ര്‍ അ​ഞ്ച്), കാ​യം​കു​ളം, ആ​ല​പ്പു​ഴ (ന​വം​ബ​ര്‍ 12), ക​ല്ല​ട, കൊ​ല്ലം (ന​വം​ബ​ര്‍ 19), പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി കൊ​ല്ലം (ന​വം​ബ​ര്‍ 26) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ടു​ത്ത മ​ത്സ​ര​ങ്ങ​ള്‍.