കടുത്ത പ്രതിഷേധവുമായി ആലപ്പുഴ രൂപത
1226343
Friday, September 30, 2022 11:01 PM IST
ആലപ്പുഴ: ക്രിസ്ത്യാനികളുടെ ആരാധനാ ദിവസങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഞായറാഴ്ച ദിവസം സ്കൂൾ പ്രവൃത്തിദിനമാക്കിയതിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നതായി ആലപ്പുഴ രൂപതയുടെ പിആർഒ ഫാ. സേവ്യർ കുടിയാംശേരി.
ഈയടുത്ത നാളുകളിൽ വിവിധ എൻട്രൻസ് പരീക്ഷകൾ, നെഹ്റു ട്രോഫി വള്ളംകളി പിഎസ് സി പരീക്ഷകൾ, സർക്കാർ സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികൾ എന്നിവ ഞായറാഴ്ച നടത്തുന്നതു പതിവായിട്ടുണ്ട്.
ഇങ്ങനെ ചെയ്യുമ്പോൾ അതിനു നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഭരണഘടനാപരമായ ആരാധനാ സ്വാതന്ത്ര്യം ആണ് ഹനിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകളിൽനിന്ന് സർക്കാർ ഉടൻ പിന്തിരിയണമെന്നും ഫാ. സേവ്യർ കുടിയാംശേരി ആവശ്യപ്പെട്ടു.
മാതൃവേദി-പിതൃവേദി പ്രതിഷേധിച്ചു
ആലപ്പുഴ: ഒക്ടോബർ 2 ഞായർ ദിവസം പ്രവൃത്തിദിവസമാക്കാനുള്ള സർക്കാർ നിലപാടിൽ ആലപ്പുഴ മാതൃവേദി-പിതൃവേദി ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തി.
പിഎസ്സി പരീക്ഷകൾ ഞായറാഴ്ചകളിൽ തുടരുന്നതിലും റവന്യു, ട്രഷറി വകുപ്പുകൾക്ക് ഞായർ ഡ്യൂട്ടി നൽകുന്നതിനും ഫൊറോന സമിതി ഉത്കണ്ഠ രേഖപ്പെടുത്തി.
പ്രതിഷേധ സമ്മേളനം ഫൊറോന മാതൃ-പിതൃവേദി ഡയറക്ടർ ഫാ. തോമസുകുട്ടി താന്നിയത്ത് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് റോയി വേലിക്കെട്ടിൽ അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ കുസുമം റോസ്, മാതൃവേദി പ്രസിഡന്റ് നിഷാ ലെസ്ലി, സെക്രട്ടറി ഷിബു ജോർജ്, അൽഫോൻസാ, കുര്യൻ തത്തംപള്ളി, ബിജു പള്ളാത്തുരുത്തി, ബേബി പാറക്കാടൻ, രാജു കോട്ടുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഏകപക്ഷീയമായ സർക്കാർ നിലപാടുകൾക്കെതിരേ കെസിബിസി എടുക്കുന്ന നിലപാടുകൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.