പഠനാവശ്യത്തിന് പണം: ഭക്ഷ്യമേള നടത്തി
1244858
Thursday, December 1, 2022 10:47 PM IST
മങ്കൊമ്പ്: ചമ്പക്കുളം എസ്എച്ച് യുപി സ്കൂളിൽ പ്രവർത്തിക്കുന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾ വീടുകളിൽ തയാറാക്കിയെത്തിച്ച വിവിധ തരം ഭക്ഷ്യവിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
വിദ്യാർഥികൾ കൊണ്ടുവന്ന വിഭവങ്ങൾ ലേലത്തിലൂടെ വിൽക്കുകയായിരുന്നു. ഇങ്ങനെ സമാഹരിച്ച തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ചാക്കോ ആക്കാത്തറ അധ്യക്ഷത വഹിച്ചു. തോമസ് ജോസഫ്, ബിജു ജോസ്, ബിന്ദു സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു. കൂടുതൽ തുകയ്ക്ക് സാധനം ലേലം ചെയ്തതിന്റെ സമ്മാനം ആറാം ക്ലാസിൽ പഠിക്കുന്ന റയ റോബിനും കൂടുതൽ തുക മുടക്കി ഭക്ഷ്യവിഭവങ്ങൾ വാങ്ങിയതിന്റെ സമ്മാനം അഞ്ചാം ക്ലാസിലെ ജി. അഭിനയയും കരസ്ഥമാക്കി.