വണ്ടാനം മെഡിക്കൽ കോളജിൽ സിടി സ്കാൻ റിസൾട്ട് ഇനി ഒരു മണിക്കൂറിനുള്ളിൽ
1245124
Friday, December 2, 2022 10:45 PM IST
അമ്പലപ്പുഴ: അപകടങ്ങളെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സിടി സ്കാൻ റിപ്പോർട്ട് ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ വികസന സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
വികസന സമിതി ചെയർമാൻകൂടിയായ കളക്ടർ വി. ആർ. കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ആശുപത്രിയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ താത്കാലികമായി നിയമിക്കാനും പഠന വൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ക്രിട്ടിക്കൽ കെയർ യൂണിറ്റ് രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും.
മറ്റു മെഡിക്കൽ കോളജ് ആശുപത്രികളുമായി താരതമ്യം ചെയ്ത് വിവിധ പരിശോധനകളുടെ നിരക്ക് പുനഃപരിശോധിച്ച് വണ്ടാനം ആശുപത്രിയിലും രോഗികൾക്ക് സഹായകരമാകുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. എ. എം. ആരിഫ് എംപി, എച്ച്. സലാം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, പ്രിൻസിപ്പൽ ഡോ. ടി.കെ. സുമ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.