ഉണര്‍വ് 2022-ഭിന്നശേഷി വാരാചരണത്തിനു സമാപനം
1245415
Saturday, December 3, 2022 11:07 PM IST
ആലപ്പുഴ: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു നടത്തിയ ഉണര്‍വ് 2022-ഭിന്നശേഷി വാരാചരണത്തിനു സമാപനം. ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം എച്ച്. സലാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചലനം എന്ന പേരില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടത്തുന്ന സൗജന്യ കലാപരിശീലന പദ്ധതിയുടെ ലോഗോ പ്രകാശനവും ഉദ്ഘാടനവും എ.എം. ആരിഫ് എംപി നിര്‍വഹിച്ചു.
വാരാചരണ സമാപനത്തോടനുബന്ധിച്ച് സഹചാരി അവാര്‍ഡ് വിതരണം, ബ്ലോക്ക്തല കലോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും സംഘടിപ്പിച്ചു. സമാപന സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക തൊഴില്‍ മേള സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. സഹചാരി അവാര്‍ഡ് വിതരണം നഗരസഭാധ്യക്ഷ സൗമ്യരാജ് നിര്‍വഹിച്ചു.
മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്ത അമ്പലപ്പുഴ ബ്ലോക്കിനുള്ള ഭിന്നശേഷി വാരാചരണ പുരസ്കാരം എച്ച്. സലാം എംഎല്‍എ സമ്മാനിച്ചു. കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എസ്. താഹ നിര്‍വഹിച്ചു.