ഗാനമേളയ്ക്കിടെ യുവാക്കളെ കുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ
1262185
Wednesday, January 25, 2023 10:38 PM IST
ഹരിപ്പാട്: ഗാനമേളയ്ക്കിടെ സഹോദരങ്ങൾ അടക്കം മൂന്നു യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ പോലീസ് പിടിയിൽ. പള്ളിപ്പാട് കരിപ്പുഴ നാലുകെട്ടും കവല കോളനിയിൽ ബി. പ്രേംജിത്ത് (അനി-30), പള്ളിപ്പാട് ചെമ്പടി വടക്കത്തിൽ എസ്. സുധീഷ് (28) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു (38), സഹോദരൻ സജീവ് (32), ശ്രീകുമാർ (42) എന്നിവർക്കാണ് പരുക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇരുകൂട്ടരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കുത്തിൽ കലാശിച്ചത്.
നേരത്തെ മറ്റൊരു ആക്രമണത്തിൽ പ്രതിയായ സുധീഷിനു കുത്തേറ്റിരുന്നു. ഈ വൈരാഗ്യമാണ് അക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികൾ രണ്ടുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ആക്രമണത്തിൽ മറ്റു മൂന്നുപേർ ക്കുകൂടി പങ്കുണ്ടെന്നും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ മേൽനോട്ടത്തിൽ ഹരിപ്പാട് എസ്എച്ച്ഒ ശ്യാംകുമാർ വി.എസ്, എസ്ഐ ശ്രീകുമാരക്കുറുപ്പ്, എഎസ്ഐ നിസാർ, പോലീസ് ഉദ്യോഗസ്ഥരായ നിഷാദ്, സുരേഷ്, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.