ഐഎച്ച്ആർഡി ‘തരംഗ്-23’ ഫെസ്റ്റ് ഫെബ്രുവരി രണ്ടു മുതൽ
1262818
Saturday, January 28, 2023 11:13 PM IST
ചെങ്ങന്നൂർ: ഐ എച്ച്ആർഡി യിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സാങ്കേതിക സാംസ്കാരിക സംരംഭകത്വ മേള ഐഎച്ച്ആർഡി തരംഗ് 23 ദേശീയ ഫെസ്റ്റ് ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ചെങ്ങന്നൂർ ഐച്ച്ആർഡി എൻജിനീയറിംഗ് കോളേജ് ക്യാംപസിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ ,ജനറൽ കൺവീനർ കോളേജ് പ്രിൻസിപ്പാൾ ഡോ. സ്മിത ധരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രണ്ടാം തീയതി വൈകിട്ട് അഞ്ചിന് കോളേജ് ഓഡിറ്റോറിയത്തിൽ
മന്ത്രി ആർ. ബിന്ദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. വൈകുന്നേരം ആറു മുതൽ സിനിമ താരം നവ്യ നായർ നയിക്കുന്ന നൃത്ത സന്ധ്യ. മൂന്നിന് രാവിലെ 10 മുതൽ കലാ സാങ്കേതിക മത്സരങ്ങൾ നടക്കും.വൈകിട്ട് നാലിന് വിജ്ഞാന വിനിമയവും വിവരാധിഷ്ഠിത ലോകവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈലോപ്പള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്യും. ടി.ഡി. കുര്യാച്ചൻ മോഡറേറ്ററാകും. പ്രഫ. കാർത്തികേയൻ നായർ വിഷയാവതരണം നടത്തും.വൈകുന്നേരം ആറു മുതൽ രശ്മി സതീഷ്, ജാസി ഗിഫ്റ്റ് എന്നിവർ നയിക്കുന്ന കലാ സന്ധ്യ. നാലിന് വൈകുന്നേരം നാലു മുതൽ നിർമ്മിത ബുദ്ധിയുടെ കാലത്തെ വിദ്യാഭ്യാസം ,പൊരുളും പരിധിയും എന്ന വിഷയത്തിലുള്ള സെമിനാർ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ലക്ഷ്മി പ്രസന്നകുമാർ മോഡറേറ്ററാകും. ഡോ. ടി.ടി. സുനിൽ വിഷയാവതരണം നടത്തും. വൈകുന്നേരം ആറിന് ഗാനസന്ധ്യ ,സിത്താര കൃഷ്ണകുമാർ.
അഞ്ചിന് വൈകിട്ട് മൂന്നിന് സെമിനാർ, വിഷയം സാങ്കേതിക വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയും. കെ ഡിസ്ക് കൺസൾട്ടൻ്റ് ദീപ പി. ഗോപിനാഥ് മോഡറേറ്ററാകും .ഡോ.പി.എസ്. ശ്രീകല വിഷയാവതരണം നടത്തും. വൈകുന്നേരം നാലിനു സമാപന സമ്മേളനം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. സിനിമ സംവിധായകൻ രഞ്ജി പണിക്കർ സമ്മാനദാനം നടത്തും.തുടർന്ന് പിന്നണി ഗായകൻ പ്രദീപ് സോമസുന്ദരം നയിക്കുന്ന ഗാനമേള.
ആറിനു രാവിലെ 10 മുതൽ തൊഴിൽ മേള ആരംഭിക്കും. എപിജെ അബ്ദുൾ കലാം കേരളാ ടെക്നിക്കൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്യും.
ഐ എച്ച് ആർ ഡി ഉദ്യോഗസ്ഥൻ പി. പ്രേം രചിച്ച് പ്രദീപ് സോമുന്ദരം ആലപിച്ച തരംഗ് 23 അവതരണ ഗാനത്തിന് മന്ത്രി സജി ചെറിയാൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.