എസ്ഐയുടെ വീട്ടിലെ ഷെഡിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
1263350
Monday, January 30, 2023 10:13 PM IST
കായംകുളം: എസ്ഐയുടെ വീടിനു സമീപത്തെ ഷെഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മുതുകുളം രണ്ടാം വാർഡിൽ ചേപ്പാട് കന്നിമേൽ സാരംഗിയിൽ സുരേഷ് കുമാറിന്റെ വീട്ടിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് മരിച്ചത്. എസ്ഐയുടെ മകളുടെ സഹപാഠിയാണ് മരിച്ച സൂരജ്. ഇന്നലെ രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്തിന് സൂരജ് എസ്ഐയുടെ വീട്ടിലെത്തുകയും വീട്ടുകാരുമായി തർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനുശേഷം സൂരജിനെ വീട്ടുകാർ തിരിച്ചയച്ചതായി പറയുന്നു. ഈ സമയം വീട്ടിൽ എസ്ഐയുടെ ഭാര്യയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭവസമയം എസ്ഐ വീട്ടിലുണ്ടായിരുന്നില്ല.
സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. രാത്രി സൂരജ് തിരികെ എങ്ങനെ വീട്ടിലെത്തി എന്നത് അടക്കമുള്ള സംഭവങ്ങളാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും സൂരജിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.