ഇത്തവണ ചീര ചിരിക്കുന്നില്ല!
1265080
Sunday, February 5, 2023 9:27 PM IST
കർഷകർക്കു തിരിച്ചടിയായി ഇലപ്പുള്ളി രോഗം
പൂച്ചാക്കൽ: പാടശേഖരങ്ങളിൽ മഞ്ഞുപുതച്ചു ചെമ്പട്ടുവിരിച്ച് ചീര നിൽക്കുന്ന കാഴ്ച ആരെയും മനം മയക്കുന്ന ഒന്നാണ്. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ രാവിലെ സഞ്ചരിച്ചാൽ ഈ മനോഹര കാഴ്ച കാണാം. ചീര കൃഷിക്കാർക്ക് അധ്വാനത്തിന്റെയും ആദായത്തിന്റെയും കാലം കൂടിയാണിത്. തൈക്കാട്ടുശേരി ചീരകൃഷിയുടെ പ്രധാന പ്രദേശമാണ്. എന്നാൽ, കർഷകരുടെ അധ്വാനത്തിനും ആഹ്ലാദത്തിനും മീതെ ദുരിതമഴ തീർക്കുകയാണ് ചീരയിൽ വ്യാപിച്ചിരിക്കുന്ന രോഗം.
വേനൽക്കാലത്തും
ഇലപ്പുള്ളിരോഗമാണ് ചീരയ്ക്കു ഭീഷണിയാകുന്നത്. ചീരകളിൽ മഴക്കാലത്തു കാണാറുള്ള ഇലപ്പുള്ളി രോഗം വേനൽക്കാലത്തും പടരുന്നതു കർഷകരെ ഞെട്ടിച്ചിരിക്കുകയാണ്. വിത്തു മുളച്ചു കുറച്ചു ദിവസത്തിനുള്ളിൽതന്നെ രോഗം കാണുന്നു.
ചെടികളുടെ ഇലകളിൽ വെള്ള നിറത്തിലുള്ള പുള്ളികൾ കാണുന്നതാണ് തുടക്കം. ഇലകളുടെ അടിവശത്തും മുകൾപരപ്പിലും ഒരുപോലെ പാടുകൾ കാണപ്പെടുന്നു.
അവ പിന്നീടു വലുതാകുകയും ആ ഭാഗം ഇലയിൽനിന്നു വേർപെട്ട് അവിടവിടെയായി ദ്വാരങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇലപ്പുള്ളി രോഗംമൂലം നിരവധി കർഷകരാണ് ദുരിതത്തിൽ ആയിരിക്കുന്നത്.
ചീര ചതിച്ചു
എല്ലാ വർഷവും ചീരകൃഷി ചെയ്യാറുളള തൈക്കാട്ടുശേരി പഞ്ചായത്ത് ഒൻപതംഗം വാർഡിൽ മരോട്ടിക്കൽ കെ.ബാബുവിന്റെ ഒരേക്കറോളം വരുന്ന പാടശേഖത്തിലെ ഭൂരിഭാഗം ചീരയിലും രോഗം ബാധിച്ചിരിക്കുകയാണ്. ചുവപ്പുചീര, പച്ചച്ചീര എന്നിവയാണ് ബാബു കൃഷി ചെയ്തിരിക്കുന്നത്.
ഇല വലുപ്പവും കടുംചുവപ്പു നിറവുമുള്ള തഴവ ഇനത്തിൽപ്പെട്ട മെത്തച്ചീരയ്ക്കു വിപണിയിൽ വലിയ പ്രിയമാണ്.
ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള അഞ്ചു മാസം അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപയ്ക്കുവരെ ചീര വിൽക്കുന്ന കർഷകർ തൈക്കാട്ടുശേരി പഞ്ചായത്തിലുണ്ട്. എന്നാൽ, ഇക്കുറി പാകമായി വരുന്നതിനുമുമ്പുതന്നെ രോഗം പിടിപെട്ടതിനാൽ ചെലവാക്കിയ പണംപോലും തിരികെ ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.