ബസിനു പിന്നിൽ കാറിടിച്ച് മൂന്നു പേർക്കു പരിക്ക്
1265472
Monday, February 6, 2023 11:15 PM IST
അമ്പലപ്പുഴ: നിർത്തിയിട്ടിരുന്ന സ്വകാര്യബസിനു പിന്നിൽ കാറും കാറിനു പിന്നിൽ ബുള്ളറ്റുമിടിച്ച് മൂന്നു പേർക്കു പരിക്ക്. കാർ യാത്രക്കാരൻ കരുവാറ്റ റഹ്മാനിയ മൻസിൽ റിയാസ് (33), ബൈക്ക് യാത്രക്കാരായ അമ്പലപ്പുഴ കുന്നേൽ നിഖിൽ, ഭാര്യ മീനു ദാസ് എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയപാതയിൽ വണ്ടാനം ശാസ്താ ക്ഷേത്രത്തിനു മുന്നിൽ തിങ്കളാഴ്ച്ച രാവിലെ ഏഴിനായിരുന്നു അപകടം. ആലപ്പുഴയിലേക്കു പോകാൻ ക്ഷേത്രത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന ശ്രീപാർവതി എന്ന സ്വകാര്യബസിനു പിന്നിൽ കാറിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായി തകർന്നു. പരിക്കേറ്റ മൂന്നു പേരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.