മാലിന്യമകലെ ; ചേർത്തലയിൽ 69 ലക്ഷത്തിന്റെ പദ്ധതികൾ
1265988
Wednesday, February 8, 2023 9:25 PM IST
ചേര്‍ത്തല: ചേർത്തല നഗരസഭയില്‍ നഗരമാലിന്യ പരിപാലനത്തിന്റെ ഭാഗമായി 69 ലക്ഷം രൂപയുടെ പദ്ധതികൾക്കു തുടക്കമായി. ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, സംസ്ഥാന സർക്കാർ എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ 69,63,600 രൂപയുടെ നിർമാണങ്ങൾക്കാണ് തുടക്കമായത്.
പദ്ധതിയുടെ ഭാഗമായി നഗരസഭ 13 -ാം വാർഡിൽ 11,50,800 രൂപ ചെലവിൽ എയ്റോബിക് പ്ലാന്റിന്റെ വിപുലീകരണം, ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് വളം സ്റ്റോക്ക് ചെയ്യാനും പ്രോസസിംഗ് ചെയ്യാനുമായുള്ള യൂണിറ്റ്, നഗരസഭ 11-ാം വാർഡിൽ 42,27,300 രൂപ ചെലവിൽ നിലവിലുള്ള ആര്‍ആര്‍എഫിന്റെ വിപുലീകരണം, 11,65,500 രൂപ ചെലവിൽ നഗരസഭയുടെ എംസിഎഫിന്റെ സൗകര്യങ്ങള്‍ വർധിപ്പിക്കൽ, ഹരിതകര്‍മ സേന, കണ്ടിജന്റ് തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രൊട്ടക്ടറ്റീവ് ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ സ്ഥലങ്ങളുടെ വിവരശേഖരണവും നടന്നു. നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്ഗവന്, കെഎസ്ഡബ്ല്യു എംപി ഉദ്യോഗസ്ഥർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, കൺസൾട്ടിംഗ് ഏജൻസിയായ ഐപിഇ ഗ്ലോബലിന്റെ പ്രതിനിധികൾ എന്നിവർ വിവിധ പദ്ധതി പ്രദേശങ്ങളിൽ സന്ദർശനം നടത്തി.