ഭാര്യയെ ഒഴിവാക്കാന്‍ കാമുകിക്കൊപ്പം ചേര്‍ന്ന് ആഭിചാരം നടത്തിയെന്ന് സിപിഎം നേതാവിനെതിരേ പരാതി
1273876
Friday, March 3, 2023 10:42 PM IST
കായംകുളം: കായംകുളത്ത് സിപിഎം നേതാവിനെതിരേ ഗാർഹിക പീഡന പരാതി. ഭാര്യയെ ഒഴിവാക്കാൻ ആഭിചാരക്രിയ നടത്തിയെന്നും പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദിച്ചെന്നും പാർട്ടിക്കു നൽകിയ പരാതിയിൽ പറയുന്നു. ജനപ്രതിനിധികൂടിയായ കായംകുളം ഏരിയാകമ്മിറ്റി അംഗത്തിനെതിരേയാണ് പരാതി.
യുവതിയുടെ ലോക്കൽകമ്മിറ്റി സെക്രട്ടറിയായ പിതാവാണ് പരാതി നൽകിയിരിക്കുന്നത്. നേതാവിന്റെ ഭാര്യയും ലോക്കൽ കമ്മിറ്റി അംഗവും സജീവ പ്രവർത്തകയുമാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
മറ്റൊരു സ്ത്രീയുമായുള്ള ബന്ധം സംബന്ധിച്ച് നേതാവിനെതിരേ നേരത്തേതന്നെ പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാൻ പലവിധ ശ്രമങ്ങളും പാർട്ടി ഇടപെട്ടു നടത്തിയിരുന്നു. എന്നാൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുകയായിരുന്നു.കഴിഞ്ഞദിവസം ഔദ്യോഗിക വാഹനത്തിൽ നേതാവ് സ്ത്രീക്കൊപ്പം യാത്രചെയ്യുന്നതിനിടെ പിടിക്കപ്പെടുകയും പ്രശ്നങ്ങളുണ്ടാകുകയും പലതവണ മർദിച്ചതായും പരാതിയിൽ പറയുന്നു. തന്നെ ഒഴിവാക്കുന്നതിനായി കാമുകിയോടൊപ്പം ചേർന്ന് ആഭിചാരക്രിയകൾ നടത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നേതാവിനെതിരേ പാർട്ടി അന്വേഷണം തുടങ്ങിയതായാണ് വിവരം. കഴിഞ്ഞദിവസം കായംകുളം ഏരിയാ കമ്മിറ്റി ചേർന്ന് ഈ വിഷയം ചർച്ചചെയ്തിരുന്നു. വെള്ളിയാഴ്ചത്തെ ഏരിയാ കമ്മിറ്റി യോഗത്തിലും വിഷയം ഗൗരവത്തോടെ ചർച്ചചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും യുവതി പരാതി നൽകി.