പ്രഭുറാം മിൽസിൽ സമരം
1280275
Thursday, March 23, 2023 10:59 PM IST
ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് ടെക് സ്റ്റൈൽ കോർപറേഷൻ യൂണിറ്റായ ചെങ്ങന്നൂർ പ്രഭുറാം മിൽസ് അടച്ചുപൂട്ടലിലേക്ക്. കഴിഞ്ഞ മാസം 22ന് ലേ ഓഫ് ചെയ്ത് തൊഴിലാളികളെ പുറത്തുവിട്ടിരിക്കുകയാണ്.
വൈദ്യുതി കുടിശിക 6.5 കോടി രൂപ അടയ്ക്കാതെ വന്നതിനാലാണ് വൈദ്യുതി ബോർഡ് കണക്ഷൻ വിഛേദിച്ചിരുന്നു. ഇതേ ത്തുടർന്നാണ് ഫാക്ടറി ലേ ഓഫ് ചെയ്തത്. 2016 ലും ഇതുപോലെ ലേ ഓഫ് പ്രഖ്യാപിച്ച് തൊഴിൽ നിഷേധിച്ച മാനേജ്മെന്റ് അതിനു ശേഷമുള്ള വൈദ്യുതി ചാർജ് പോലും കൃത്യമായി അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയിരുന്നു. ഇതാണ് നിലവിലെ ദുഃസ്ഥിതിക്ക് കാരണമെന്ന് തൊഴിലാളികൾ പറയുന്നു.
2016 ലേ ഓഫിനുശേഷമുള്ള 1.5 കോടി രൂപയുടെ കുടിശിക തീർക്കാനാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെടുന്നത്. അതിൽ തന്നെ മന്ത്രി സജി ചെറിയാൻ ഇടപെട്ടതിനെത്തുടർന്ന് 75 ലക്ഷം രൂപ അടച്ചാൽ കണക്ഷൻ കിട്ടാവുന്ന സാഹചര്യവും ഉണ്ടായിട്ടും മാനേജ്മെന്റിൽനിന്നു വേണ്ട നടപടിയുണ്ടായില്ല. മാനേജ്മെന്റിന്റെ നിഷ്ക്രിയത്വവും ഉത്തരവാദിത്വമില്ലായ്മയും മൂലം 160 ഓളം തൊഴിലാളി കുടുംബങ്ങളാണ് തൊഴിൽ ഇല്ലാതെ പട്ടിണിയിൽ ആയിരിക്കുന്നത്.
2016 മുതൽ ഇന്നുവരെ 6.5 കോടിയോളം രൂപ പ്രഭുറാം മിൽസിനു മാത്രമായി സർക്കാർ അനുവദിച്ചിട്ടുള്ളതാണ്. അഞ്ചു കോടി രൂപ വിലവരുന്ന ആധുനിക മെഷീൻ സ്ഥാപിച്ചു. എല്ലാ സഹായങ്ങളും കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ നൽകിയിട്ടും ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയില്ല.
ജനുവരി മുതലുള്ള ശമ്പളം കുടിശിഖയാണ്. ശമ്പളത്തിൽ നിന്നും പിടിക്കുന്ന പിഎഫ് പോലും ഫണ്ടിൽ അടയ്ക്കാതെ കെടുകാര്യസ്ഥതയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മയും കാട്ടിയതാണ് കുഴപ്പങ്ങൾക്കു കാരണമത്രേ. തൊഴിലാളികളുടേതല്ലാത്ത കാരണത്താലുള്ള ലേ ഓഫ് പിൻവലിച്ച് ശമ്പള കുടിശിഖയും നൽകി ഫാക്ടറി തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം തുടങ്ങി. സമരം സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. എം. ശശികുമാർ ഉദ്ഘാടനം ചെയ്തു.
സിഐടിയു ഏരിയാ ജോ. സെക്രട്ടറി എ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ. മനോജ്, സജീവ് കുടനാൽ, പി.ഡി. സുനീഷ് കുമാർ, സജീവ് ആർ, രാജേഷ്.ആർ, പ്രദീപ് കുമാർ, അജികുമാർ, സിന്ധു ടി.ഡി എന്നിവർ പ്രസംഗിച്ചു.