നെല്ല് കയറ്റിവന്ന ലോറി താണു; റോഡിൽ ഗതാഗതം തടസപ്പെട്ടു
1280554
Friday, March 24, 2023 10:46 PM IST
മങ്കൊമ്പ്: നവീകരണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴിയിൽ നെല്ലും കയറ്റിവന്ന ലോറി താഴ്ന്നു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30ന് കിടങ്ങറ-വാലടി റോഡിൽ വാലടി ജംഗ്ഷനു സമീപത്താണ് അപകടം നടന്നത്. കുമരങ്കരി പ്രദേശത്തുനിന്നു സപ്ലൈകോ സംഭരിച്ച നെല്ലും കയറ്റിവന്ന ലോറിയാണ് താഴ്ന്നത്.
തുടർന്ന് മറ്റൊരു ലോറിയുടെ സഹായത്തോടെ വടം കെട്ടിവലിച്ച് ലോറി കരയ്ക്കു കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. എട്ടോടെ റോപ്പ് ഉപയോഗിച്ചു കെട്ടിവലിച്ചു ലോറി നീക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് രണ്ടര മണിക്കൂറോളം പറാൽ-വാലടി റോഡിലെ ഗതാഗതം തടസപ്പെട്ടു. ഇരുചക്രവാഹനങ്ങളൊഴികെയുള്ള വാഹനങ്ങളെല്ലാം കിലോമീറ്ററുകളോളം ദൂരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ടു.
തുരുത്തി-വീയപുരം ബൈപാസ് റോഡിന്റെ ഭാഗമായ റോഡിലെ നിർമാണപ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചതോടെയാണ് റോഡ് ശോചനീയാവസ്ഥയിലായത്ഓടകളും മെറ്റൽ കൂനകളും മൂലം ഒരേസമയം രണ്ടു വലിയ വാഹനങ്ങൾക്കു ഇതുവഴി കടന്നുപോകാനാകില്ല. ഗതഗാതക്കുരുക്കും പൊടിശല്യവും ഇവിടെ പതിവുകാഴ്ചയാണ്.