ആർട്ട് ഫെസ്റ്റിന് അമ്പലപ്പുഴയിൽ തുടക്കം
1281271
Sunday, March 26, 2023 10:09 PM IST
അമ്പലപ്പുഴ: ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ആർട്ട് ഫെസ്റ്റിന് അമ്പലപ്പുഴയിൽ തുടക്കമായി. മുസാവരി ആർട്ട് ഫെസ്റ്റ് - 2023 എന്ന പേരിൽ ഏപ്രിൽ രണ്ടു വരെ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയിലെ ഡെഷാ വ്യൂ ആർട്ട് ഗാലറിയിലാണ് ഫെസ്റ്റ്.
ആർഎൽവി ഫ്രണ്ട്സ് എന്ന സീനിയർ ആർട്ട് ഗ്രൂപ്പിലെ 28 കലാകാരൻമാർ ഒരുക്കുന്ന ചിത്ര ശിൽപ്പ പ്രദർശനത്തിൽ 70 ഓളം കലാ സൃഷ്ടികൾ പ്രദർശിപ്പിക്കും. തൃപ്പൂണിത്തുറ ആർഎൽവി കോളജ്, തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സ്, മാവേലിക്കര രാജാ രവി വർമ കോളജ് ഓഫ് ഫൈൻ ആർട്സ്, തൃശൂർ കോളജ് ഓഫ് ഫൈൻ ആർട്സ്, മൈസൂർ യൂണിവേഴ്സിറ്റി, തൃപ്പൂണിത്തുറ ചിത്രാലയ തുടങ്ങിയ സ്ഥാപനങ്ങളിലെ പൂർവ വിദ്യാർഥികളായ മുതിർന്ന കലാകാരൻമാരാണ് പങ്കെടുക്കുന്നത്. ഗ്രാമീണ ജനങ്ങളിൽ ചിത്ര ശിൽപ്പ കലകളെക്കുറിച്ചുള്ള അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.
ആർ എൽ വി ഫ്രണ്ട്സ് രൂപം കൊണ്ട ശേഷം ഒമ്പതു മാസത്തിനുള്ളിൽ മൂന്നു ചിത്രശിൽപ്പകലാ ക്യാമ്പുകളും മൂന്നു പ്രദർശനങ്ങളും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നടത്തി. സാംസ്കാരിക പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുള്ള അമ്പലപ്പുഴയിൽ ഇതാദ്യമായാണ് ഇത്തരമൊരു പ്രദർശനം.
എച്ച്. സലാം എംഎൽഎ ചെയ്തു. കോ- ഓർഡിനേറ്റർ ടി.പി. മണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, മാവേലിക്കര രാജാ രവിവർമ കോളജ് ഡയറക്ടർ ടെൻസിംഗ് ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ജി. വേണുലാൽ, പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലാ പ്രസിഡന്റ് കെ.പി. കൃഷ്ണദാസ്, എ. രമണൻ, സന്തോഷ് വെളിയന്നൂർ എന്നിവർ പ്രസംഗിച്ചു. കെ. ദേവദാസ് സ്വാഗതം പറഞ്ഞു.