തുമ്പോളി ജംഗ്ഷനിൽ അടിപ്പാത: പ്രതീക്ഷദീപം തെളിച്ച് ആയിരങ്ങൾ
1281631
Monday, March 27, 2023 11:54 PM IST
ആലപ്പുഴ: ദേശീയപാതയിൽ തുമ്പോളി ജംഗ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി സംഘടിപ്പിച്ച ജനകീയ സംഗമത്തിൽ പ്രതീക്ഷദീപം തെളിക്കലിൽ പങ്കെടുത്ത് ആയിരങ്ങൾ. തുമ്പോളി പള്ളിയിൽനിന്നാരംഭിച്ച റാലിയിൽ രാഷ്ട്രീയ–മത–ജാതി ഭേദമില്ലാതെ ആബാലവൃദ്ധം ജനങ്ങളും അണിചേർന്നു. തുടർന്നു തുമ്പോളി ജംഗ്ഷനിൽ നടന്ന സംഗമം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.
പി.പി. ചിത്തരഞ്ജൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ആലപ്പുഴ രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി, ഡിസിസി വൈസ് പ്രസിഡന്റ് പി.ജെ. മാത്യു, ജില്ലാ സെക്രട്ടറി ജി. വിനോദ്കുമാർ, ജനകീയ സമിതി കൺവീനറും തുമ്പോളി പള്ളി വികാരിയുമായ ഫാ. സിജു പി. ജോബ്, ഷാർവിൻ സന്ധ്യാവ് തുടങ്ങിയവർ പ്രസംഗിച്ചു.
തുമ്പോളി അരേശേരിൽ ക്ഷേത്രം മേൽശാന്തി വിഷ്ണുശാന്തി ദീപം തെളിച്ചു.
ദേശീയപാത ജംഗ്ഷന്റെ ഇരുവശവും നിരന്നുനിന്ന് നാട്ടുകാർ പ്രതീക്ഷയുടെ മെഴുകുതിരി തെളിച്ചു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒട്ടേറെപ്പേർ പരിപാടിയിൽ പങ്കെടുത്തു.
രാഷ്ട്രീയത്തിനതീതമായ ഈ കൂട്ടായ്മയിലൂടെ ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ കഴിയുമെന്നു പ്രതീക്ഷയുണ്ടെന്ന് കൺവീനർ ഫാ. സിജു പി. ജോബ് പറഞ്ഞു.