കെഎസ്ആർടിസി പെൻഷൻകാർ സമരരംഗത്തേക്ക്
1281639
Monday, March 27, 2023 11:56 PM IST
ആലപ്പുഴ: കെഎസ്ആർടിസിയിലെ പെൻഷൻകാരുടെ പെൻഷൻ യഥാസമയം നൽകാത്തതിലും 2011നുശേഷം പെൻഷൻ പരിഷ്കരണം നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് ഏപ്രിൽ അഞ്ചിന് രാവിലെ പത്തിന് ഹരിപ്പാട് ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽ ധർണ നടത്തും.
ട്രാൻസ്പോർട്ട് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ (ടിപിഡബ്ല്യുഎ) ആലപ്പുഴ ഡിസിസി ഹാളിൽ നടത്തിയ യോഗത്തിലാണ് തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് ജോസ് വേങ്ങലിന്റെ നേതൃത്വത്തിൽ നടത്തുന്ന ധർണ കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.പി. മനോഹരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. ഉണ്ണികൃഷ്ണൻ നായർ, പി.എസ്. നായർ, കെ.എന്. മോഹൻദാസ്, എം. ചാക്കോ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: മാർച്ച് മാസത്തിലെ പെൻഷൻ ഇതുവരെയും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി പെൻഷൻകാർ സമരരംഗത്തേക്ക് കടക്കുകയാണെന്ന് കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു.
29 വരെ പെൻഷൻ ലഭിച്ചില്ലെങ്കിൽ 30ന് രാവിലെ 10.30ന് പെൻഷനേഴ്സ് ഓർഗനൈസേഷന്റെ അഭിമുഖ്യത്തിൽ ബസ് സ്റ്റേഷൻ പരിസരത്ത് ഡിടിഒ ഓഫീസ് കേന്ദ്രീകരിച്ച് സമരം ആരംഭിക്കുമെന്ന് ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
ജില്ലാ ട്രഷറർ എ.പി. ജയപ്രകാശ്, വി. രാധാകൃഷ്ണൻ, ജി. തങ്കമണി, എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർഥൻ, എ. ബഷീർകുട്ടി, ബി. ഗോപകുമാർ, ടി.സി. ശാന്തിലാൽ, എസ്.പ്രംകുമാർ, കെ.ജെ.ആന്റണി തുടങ്ങിയവർ പ്രസംഗിക്കും.