എസി റോഡ് നവീകരണം: ജില്ലാ കളക്ടർ സന്ദർശിച്ചു
1282104
Wednesday, March 29, 2023 10:29 PM IST
ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഹരിത വി. കുമാർ സന്ദർശനം നടത്തി. എസി റോഡിന്റെ 77 ശതമാനം നിര്‍മാണപ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
നിലവിൽ റോഡ് നിർമാണത്തിൽ നേരിടുന്ന തടസങ്ങൾ മനസിലാക്കുന്നതിനും പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനും വേണ്ടിയാണ് സന്ദർശനം നടത്തിയത്. നിലവിൽ നേരിടുന്ന തടസങ്ങളായ മുട്ടാർ പാലത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ, മങ്കൊമ്പ് ജംഗ്ഷനിലെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ രണ്ടു സെന്റ് സ്ഥലത്തിന്റെ കൈമാറ്റത്തിനുള്ള നടപടി, കളർകോട് ജംഗ്ഷനും പക്കിപ്പാലത്തിനും ഇടയിലുള്ള റോഡിനടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാനുള്ള പ്രവൃത്തി, പള്ളാത്തുരുത്തി പാലത്തിനരികിലായുള്ള ടൂറിസം വകുപ്പിന്റെ കെട്ടിടം പൊളിച്ചു നീക്കൽ, പണ്ടാരക്കുളം മേൽപ്പാലത്തിനരികിലായുള്ള കെഎസ് ഇബിയുടെ ടവർ ലൈനിന്റെ ഉയരം വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമയ ബന്ധിതമായി തീരുമാനം എടുത്ത് പരിഹാരം കാണുമെന്ന് കളക്ടർ അറിയിച്ചു.
കുട്ടനാട് തഹസീൽദാർ എസ്. അൻവർ, കെഎസ്ടിപി ഉദ്യോഗസ്ഥർ, ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ, പ്രൊജക്റ്റ് കൺസൾട്ടന്റ്സ് തുടങ്ങിയവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.