ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം: ബാങ്ക് മാനേജരെ തടഞ്ഞുവച്ചു
1282110
Wednesday, March 29, 2023 10:29 PM IST
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 15-ാം വാർഡിൽ ബാങ്കുകാരുടെ ഭീഷണിയെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എഐവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേർത്തല സ്വകാര്യ ബാങ്ക് ബ്രാഞ്ച് മാനേജരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുഞ്ഞാറുകളി ശശിയാണ് ജീവനൊടുക്കിയത്.
കുടിശിക പിരിക്കാനായി ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള വ്യക്തികൾ ഇയാളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാ ണ് പരാതി. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി നിയമ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നാഥനില്ലാതായതുമൂലം കുടിശിക തുക ബാങ്ക് എഴുതിത്തള്ളണമെന്നും ആധാരം കുടുംബത്തെ തിരികെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ബാങ്കിന്റെ ഉന്നതരുമായി ചർച്ച ചെയ്തു സത്വര നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബൈ. രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറി പി.വി. ഗിരീഷ് കുമാർ, കെ.എസ്. ശ്യാം, ദിപീഷ്, കെ.സി. ശ്യാം, സി. അജിത് കുമാർ, റെജീന സെൽവി, എന്‍.പി. അമൽ തുടങ്ങിയവർ നേതൃത്വം നൽകി.