അമ്പലപ്പുഴ: ആഘോഷമായി അങ്കണവാടികളിൽ പ്രവേശനോത്സവം നടന്നു. ഉത്സവാന്തരീക്ഷത്തിലായിരുന്നു അങ്കണവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് അങ്കണവാടികളിൽ കുരുന്നുകൾക്ക് ആദ്യമായി യൂണിഫോം ഏർപ്പെടുത്തിയ കരുമാടി 116-ാം നമ്പർ അങ്കണവാടിയിൽ ഇക്കുറിയും നിറപ്പകിട്ടാർന്ന രീതിയിലാണ് പ്രവേശനോത്സവം നടന്നത്. അക്ഷര മധുരം നുകരാൻ ആദ്യമായെത്തിയ കുരുന്നുകളെ ഹസ്തദാനം നൽകിയാണ് സ്വീകരിച്ചത്.
തുടർന്ന് കുരുന്നുകളുടെ പ്രാർഥനാഗാനവും നടന്നു. കുട്ടികളെ വരവേൽക്കാൻ അങ്കണവാടി കുരുത്തോലകളും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. എല്ലാ കുട്ടികൾക്കും കൈനിറയെ പoനോപകരണങ്ങൾക്കൊപ്പം കുടയും നൽകി. ആദ്യ ദിവസം പായസവും കുരുന്നുകൾക്ക് നൽകി. തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രക്ഷാകർതൃ സമിതി പ്രസിഡന്റ് കരുമാടി മോഹനൻ അധ്യക്ഷത വഹിച്ചു. മതി കുമാർ, സുരേഷ്, വർക്കർ സൽമ, ഹെൽപ്പർ പ്രിൻസി എന്നിവർ പങ്കെടുത്തു.