സ്കൂൾ ബസ് കുഴിയിൽ വീണു, വിദ്യാർഥികൾ സുരക്ഷിതർ
1335152
Tuesday, September 12, 2023 10:53 PM IST
കുട്ടികൾ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
മങ്കൊമ്പ്: മുളയ്ക്കാംതുരുത്തി-വാലടി റോഡിലെ കുഴിയിൽ വീണു വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപെട്ടു. ബസിലുണ്ടായിരുന്ന കുട്ടികൾ തലനാരിഴയ്ക്കു അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. മുളയ്ക്കാംതുരുത്തിയ്ക്കും വാലടിക്കുമിടയിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
കാവാലം ഭാഗത്തുനിന്നും വിദ്യാർഥി കളുമായി ചങ്ങനാശേരിയിലേക്കു പോയ സ്കൂൾ ബസ് മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടയിൽ റോഡിലെ കുഴിയിൽ അകപ്പെടുകയായിരുന്നു. റോഡ് കടന്നുപോകുന്ന പാടശേഖരത്തിൽ കൃഷിയില്ലാത്തതിനാൽ വെള്ളംനിറഞ്ഞുകിടക്കുകയാണ്.
ഭാഗ്യംകൊണ്ടാണ് ബസ് വെള്ളത്തിലേക്കു വീഴാതെ രക്ഷപെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെയും സഹായത്തോടെ കുട്ടികളെ സുരക്ഷിതമായി ബസിൽ നിന്നും താഴെയിറക്കി. പിന്നീട് ട്രാക്ടർ കൊണ്ടുവന്നു കെട്ടിവലിച്ചാണ് ബസ് കുഴിയിൽ നിന്നും കരകയറ്റിയത്. ഇതുമൂലം ഏറെ നേരം ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു.
കുഴികൾ മാത്രം
മുളയ്ക്കാംതുരുത്തി മുതൽ വാലടിവരെ വിസ്തൃതവും ആഴമേറിയതുമായ നിരവധി കുഴികളാണുള്ളത്. നേരത്തെ തുരുത്തി- വീയപുരം റോഡിന്റെ നവീകരണ ജോലികൾ ആരംഭിച്ചതിനാൽ വർഷങ്ങളായി ഇവിടെ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല. റോഡിനിരുവശവും സംരക്ഷണഭിത്തികളില്ലാത്തതിനാൽ അനുദിനം തിട്ടയിടിഞ്ഞു റോഡ് ശോഷിച്ചുവരികയാണ്. വിജനപ്രദേശമായതിനാൽ രാത്രികാലങ്ങളിൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമാണ്.
അശാസ്ത്രീയ
നിർമാണരീതി
ഇതുവരെ നടന്നുവന്ന അശാസ്ത്രീയ നിർമാണരീതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. റീടെൻഡറിനു മുന്നോടിയായി കഴിഞ്ഞ ദിവസം കെഎസ്ടിപിയുടെ നേതൃത്വത്തിൽ പൊതുജനാഭിപ്രായമറിയാൻ നടന്ന യോഗവും പ്രഹസനമായിരുന്നെന്നാണ് നാട്ടുകാരുടെ പരാതി. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള നിർമാണരീതിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ നീക്കമെന്നാണ് നാട്ടുകാർ പറയുന്നത്. പാടശേഖരത്തിനു നടുവിലൂടെയുള്ള റോഡിനു ഇരുവശവുമുള്ള ഓടകൾ ഒഴിവാക്കി, വശങ്ങളിൽ കല്ലുകെട്ടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഓടകളടക്കം നിലവിലുണ്ടായിരുന്ന വീതിയിലാണ് നിലവിൽ റോഡ് നിർമാണം നടന്നത്.
ഇതു നിലവിലെ വീതിയും ഇല്ലാതാക്കുകയും ഒരേസമയം രണ്ടുവാഹനങ്ങൾക്കുള്ള ഗതാഗതം അസാധ്യമാക്കുകയും ചെയ്യും. യോഗത്തിൽ നാട്ടുകാർ ഉന്നയിച്ച നിർദേശങ്ങൾ അവഗണിച്ചു മുന്നോട്ടുപോകാനാണ് അധികൃതരുടെ നീക്കമെന്നാണ് പ്രദേശവാസികളുടെ പരാതി.