അന്ധകാരനഴി പൊഴിമുഖത്ത് മണൽവാരാൻ അനുവദിക്കണം
1338524
Tuesday, September 26, 2023 11:23 PM IST
തുറവൂർ: അന്ധകാരനഴി അഴിമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽവാരാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വള്ളങ്ങളിൽ മണൽവാരുന്നത് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെള്ളപ്പൊക്കത്തെതുടർന്നു വീടുകളുടെ മുറ്റത്തും പറമ്പുകളിലും ചെളികെട്ടിക്കിടക്കുന്നതു മൂലം ദുരിതമനുഭവിക്കുകയാണ് നാട്ടുകാർ. അന്ധകാരനഴി അഴിമുഖത്ത് നിന്നു മണൽവാരി പറമ്പിലും വീടുകളിലും മറ്റും ഇടുവാൻ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ മണൽ കൃഷി ആവശ്യത്തിനും ഉപയോഗിക്കുവാൻ സാധിക്കും.
കളക്ടർ അനുവദിച്ചിരുന്നു
ലക്ഷക്കണക്കിനു ടൺ മണലാണ് അന്ധകാരനഴി മുഖത്ത് അടിഞ്ഞിരിക്കുന്നത്. മുൻപ് വള്ളങ്ങളിൽ മണൽ കൊണ്ടു പോകുവാൻ അനുവദിച്ചിരുന്നു.
കഴിഞ്ഞവർഷം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അന്ധകാരനഴിയിൽ നിന്നു രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ വള്ളങ്ങളിൽ കൃഷിആവശ്യത്തിനും പറമ്പിൽ ഇടുവാനും മണൽ കൊണ്ടുപോകാമെന്ന് അനുമതി നൽകിയിരുന്നെങ്കിലും നടപ്പിലായില്ല.
അന്ധകാരനഴി തെക്ക് വടക്ക് സ്പിൽവേകൾ അടഞ്ഞുകിടക്കുന്നതു മൂലം വള്ളങ്ങൾ പൊഴിമുഖത്തേക്ക് പോകുവാൻ സാധിക്കാത്തതാണ് കാരണം. പ്രദേശവാസികൾ ട്രോളിയിലും മറ്റും മണൽ കൊണ്ടുപോകുന്നുണ്ട്.
ഇതു നാട്ടുകാർക്ക് ഒരാശ്വാസമാണ്. എന്നാൽ മണൽവാരൽ തൊഴിലാളികളിൽ നിന്ന് നിശ്ചിത ഫീസ് ഈടാക്കി മണൽവാരാൻ അനുവദിക്കണമെന്നാണ് മണൽവാരൽ തൊഴിലാളികളുടെ ആവശ്യം.
സുഗമമായ നീരൊഴുക്ക്
മണൽവാരൽ അനുവദിച്ചാൽ മെയ്, ജൂൺ മാസമാകുമ്പോൾ നിലവിലെ മണൽ നീക്കം ചെയ്യുവാനും പൊഴിമുഖത്ത് സുഗമമായ നീരൊഴുക്കിനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
അടിയന്തരമായി ജില്ലാ ഭരണകൂടവും പട്ടണക്കാട് പഞ്ചായത്ത് അധികൃതരും അന്ധകാരനഴി അഴിമുഖത്തുനിന്ന് വള്ളങ്ങളിൽ മണൽ കൊണ്ടുപോകാനുള്ള അനുമതി നൽകണമെന്നും ഇതിനായി തെക്ക്-വടക്ക് സ്പിൽവേകളുടെ ഷട്ടറുകൾ തുറന്നു വള്ളങ്ങൾ കടന്നുവരാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യം ശക്തമാകുന്നു.