ചേർത്തല: കൃഷിമന്ത്രി പി. പ്രസാദിന്റെ പുരയിടത്തിൽ നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് ആഘോഷമായി. ഏകദേശം 30 സെന്റിൽ മഞ്ഞ, വെള്ള, ഓറഞ്ച് നിറങ്ങളിൽ മൂവായിരത്തോളം ബന്തി ചെടികളാണ് കൃഷി ചെയ്തത്. ഓണം സീസൺ മുന്നിൽക്കണ്ട് പച്ചക്കറി കൃഷിക്ക് ഇടവേള നൽകിയാണ് മന്ത്രി പൂക്കൃഷിയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ കൊല്ലത്തെ മികച്ച വിളവും ലാഭവും വീണ്ടും കൃഷി ചെയ്യുന്നതിന് കാരണമായതായി മന്ത്രി പി. പ്രസാദ് പറഞ്ഞു.
മന്ത്രിയുടെ പുഷ്പകൃഷിയെ പിന്തുടര്ന്ന് നിരവധിപേരാണ് ചേർത്തലയിൽ പുഷ്പകൃഷിയിലേക്ക് തിരിഞ്ഞത്. മന്ത്രിയുടെ വസതിക്ക് സമീപമുള്ള മുതിർന്ന പൗരന്മാരായ തെക്കേ ഉള്ളാടംപറമ്പ് ജാനകി, മരുത്തോർവട്ടം സ്നേഹവീട്ടിൽ പത്മാക്ഷി എന്നിവർ ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, നഗരസഭ ചെയർപേഴ്സൺ ഷേർളി ഭർഗവൻ തുടങ്ങിയവർ പങ്കെടുത്തു.