പൊതുപൈപ്പിലൂടെ വെള്ളം പാഴാകുന്നു; ഓണം കഴിഞ്ഞു നന്നാക്കാമെന്ന് അധികൃതർ
1453400
Sunday, September 15, 2024 12:12 AM IST
ആലപ്പുഴ: നഗരപരിധിയിൽ പലയിടത്തും പൊതുപൈപ്പിലൂടെ വെള്ളം പാഴാകുന്നു. പാലസ് വാർഡിൽ രണ്ടാഴ്ചയ്ക്കടുത്തായെങ്കിൽ റെയിൽവേ സ്റ്റേഷൻ വാർഡിൽ രണ്ടു മാസമായി ഇതു തുടരുന്നു. അധികാരികൾക്കു പരാതി നൽകിയപ്പോൾ ‘ഉടനെ അടയ്ക്കു’മെന്നു മറുപടി ലഭിക്കുന്നതല്ലാതെ നടപടിയില്ല.
ചന്ദനക്കാവിൽ ജില്ലാ വാക്സിൻ ആൻഡ് കുടുംബക്ഷേമ സ്റ്റോറിനു പരിസരത്തെ പൈപ്പിലൂടെ ആഴ്ചകളായി വെള്ളം പാഴാകുകയാണ്. രാവിലെയും വൈകീട്ടും നല്ല ശക്തിയിലാണു പൈപ്പിലൂടെ വെള്ളം ചീറ്റുന്നതെന്നു പരിസരത്തെ കടക്കാർ പറയുന്നു. മുൻപു വെള്ളം വലിയ അളവിൽ പോയിരുന്നില്ല. കരാറുകാരനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉടനെ പൈപ്പ് നന്നാക്കുമെന്നും വാർഡ് കൗൺസിലർ പറഞ്ഞു.
കടപ്പുറത്ത് ആലപ്പുഴ പടിഞ്ഞാറു വില്ലേജ് ഓഫീസിനു സമീപം രണ്ടു മാസത്തോളമായി ജല അഥോറിറ്റിയുടെ ടാപ്പ് പൊട്ടിയിട്ട്. മുൻപ് ജല അഥോറിറ്റി അടച്ച ടാപ്പിന്റെ പുറകിലെ പൈപ്പു പൊട്ടിയാണ് വെള്ളം പാഴാകുന്നത്. സ്വകാര്യവ്യക്തി നിർമാണപ്രവർത്തനങ്ങൾക്കു ചരക്കു കൊണ്ടുവന്ന വാഹനം തട്ടിയാണു പൈപ്പു പൊട്ടിയാണ് വെള്ളം പാഴാകുന്നത്. സ്വകാര്യവ്യക്തി നിർമാണപ്രവർത്തനങ്ങൾക്കു ചരക്കു കൊണ്ടുവന്ന വാഹനംതട്ടിയാണു പൈപ്പു പൊട്ടിയതെന്ന് നാട്ടുകാർ പറയുന്നു.
പൈപ്പിലെ വെള്ളം വീടുകൾക്കു മുന്നിലെ പാതയിൽ കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിലേക്കാണു ഒഴുകുന്നത്. അതിനാൽ പാതയിലെ മലിനജലം വറ്റുന്നില്ല. ബൈപ്പാസ് നിർമാണത്തിനായി മണ്ണു മാറ്റിയതിയതോടെയാണ് പാതയിൽ വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയത്. ഓണം കഴിഞ്ഞു പൈപ്പ് നന്നാക്കുമെന്നാണ് അധികാരികൾ പറയുന്നത്.