അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിക്കിടെ ഹൗസ് സർജൻ ഡോ. അഞ്ജലിക്കുനേരേയാണ് കൈ യേറ്റമുണ്ടായത്. തകഴി ശശിഭവനിൽ ഷൈജു (39)വിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായ ഇയാളെ വീട്ടിൽ വീണ് തല പൊട്ടിയതിനെതുടർന്ന് ഞായറാഴ്ച വൈകിട്ട് 5.30 നാണ് ആശുപത്രിയിലെത്തിച്ചത്.
നെറ്റിയിലെ മുറിവിൽ തുന്നിക്കെട്ടുന്നതിനിടെ ഇയാൾ അസഭ്യം പറയുകയും ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഉൾപ്പെ ടെയുള്ളവർ ചേർന്നു പിടിച്ചുമാറ്റി. ഡോക്ടർ പരാതി അറിയിച്ചതിനെതുടർന്ന് ആശുപത്രിയിൽനിന്ന് മുങ്ങിയ ഇയാളെ പിന്നീട് അമ്പലപ്പുഴ പോലീസ് പിടികൂടുകയും ഷൈജുവിനെതിരെ കേസെടുക്കുകയുമായിരുന്നു. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു. വാർക്കപ്പണിക്കാരനായ ഷൈജു ക്രിമിനൽ പശ്ചാത്തലമുള്ള ആളല്ലെന്ന് നാട്ടുകാർ പറഞ്ഞു.