അമ്പലപ്പുഴ: സ്വകാര്യബാറിലേക്കുള്ള ഇടനാഴി നാട്ടുകാർക്ക് ദുരിതമാകുന്നു. ദേശീയപാതയ്ക്കരികിൽ നീർക്കുന്നം ജംഗ്ഷനു സമീപമുള്ള സ്വകാര്യ ബാറിന്റെ പ്രവർത്തനമാണ് സമീപ വാസികൾക്ക് ദുരിതമായി മാറിയത്. ബാറിലേക്ക് ദേശീയപാതയിൽനിന്ന് പ്രധാന കവാടമുണ്ട്. ഇതു കൂടാതെയാണ് ബാറിന്റെ വടക്ക് ഭാഗത്തുള്ള റോഡിനോട് ചേർന്ന് ബാറിലേക്ക് വഴിയുള്ളത്.
തീർക്കുന്നം കളപ്പുരയ്ക്കൽ ഘണ്ടാകർണ സ്വാമി ക്ഷേത്രം, തീരദേശ എൽപി സ്കൂൾ, നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിലേക്കടക്കം വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു പേരാണ് പ്രതിദിനം റോഡ് ഉപയോഗിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ ബാറിൽനിന്ന് മദ്യപിച്ചിറങ്ങുന്നവർ റോഡിലാണ് തമ്പടിക്കുന്നത്. സാമൂഹ്യവിരുദ്ധ ശല്യവും ഇവിടെ വർധിച്ചുവരികയാണ്. സന്ധ്യ കഴിഞ്ഞാൽ പ്രദേശവാസികൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഓണനാളുകളിൽ ബാറിൽ സാമൂഹ്യവിരുദ്ധർ തമ്മിൽ അക്രമവും നടന്നിരുന്നു. ബാറിന്റെ പ്രവർത്തനം പ്രദേശവാസികൾക്ക് തീരാദുരിതമായിട്ടും പോലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നാട്ടുകാർ പരാതി പറയുന്നു.