ഓട്ടോത്തൊഴിലാളിയെ കുത്തിയ കേസിൽ യുവാവ് പിടിയിൽ
1461091
Tuesday, October 15, 2024 12:20 AM IST
ചാരുംമൂട്: ഓട്ടോറിക്ഷാത്തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. താമരക്കുളം തച്ഛന്റയ്യത്ത് സാജു (48)വിനെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർ ചത്തിയറ രാജേഷ് ഭവനത്തിൽ രാജേഷിനെ കഴിഞ്ഞദിവസം കഴുത്തിന്റെ പിറകുവശത്തായി കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
താമരക്കുളം ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിന്റെ പിന്നിൽ താമസിക്കുന്ന സാജുവിന്റെ വീട്ടിലേക്കുള്ള വഴിയുടെ ഭാഗത്താണ് ഓട്ടോറിക്ഷ സ്റ്റാൻഡ്.
വഴിയിൽ ഒട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതു തടയാൻ സാജു കല്ലുകളും കട്ടകളും വച്ചത് ഓട്ടോ ഡ്രൈവർ രാജേഷ് ചോദ്യം ചെയ്തതിനെത്തുടർന്നാണ് കഴുത്തിന്റെ പിറകുവശത്തായി കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ രാജേഷിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരിക്കുകയാണ്. മാവേലിക്കര കോടതിയിൽ ഹാജാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.