അന്‍വര്‍-വെള്ളാപ്പള്ളി കൂടിക്കാഴ്ച: നിലപാട് വ്യക്തമാക്കാതെ വെള്ളാപ്പള്ളി
1461092
Tuesday, October 15, 2024 12:20 AM IST
ചേര്‍ത്തല: പി.വി. അന്‍വര്‍ എംഎല്‍എ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു. വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ ഇന്നലെ രാവിലെ ഒമ്പതോടെ എത്തിയ അന്‍വര്‍ വെള്ളാപ്പള്ളി നടേശനെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ഇരുവരും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. കഴിഞ്ഞദിവസം അന്‍വറിനെ വെള്ളാപ്പള്ളി നടേശന് നിശിതമായി വിമര്‍ശിച്ചിരുന്നു.
അന്‍വറിന്റെ പുതിയ പാര്‍ട്ടി കേരളത്തില്‍ ക്ലച്ചുപിടിക്കില്ലെന്നും അന്‍വറിന്റെ നയത്തോട് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് അന്‍വറിന്റെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയുള്ള സന്ദര്‍ശനം.
ഓരോരുത്തർക്കും രാഷ്ട്രീയമുണ്ടെന്നും രാഷ്ട്രീയ ഉപദേശമൊന്നും അൻവറിന് നൽകാനില്ലെന്നും ഓരോരുത്തരുടെയും വിശ്വാസം അവരവരെ രക്ഷിക്കട്ടെയെന്നും അന്‍വറുമായുള്ള ചര്‍ച്ചയ്ക്കുശേഷം വെള്ളാപ്പള്ളി നടേശന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അന്‍വറുമായി സൗഹൃദം മാത്രം പങ്കിട്ടു. രാഷ്ട്രീയ ഉദ്ദേശങ്ങളൊന്നുമില്ല. താൻ ഡിഎംകെയിലും ഇല്ല, എഡിഎംകെയിലുമില്ല. അൻവറിന് അൻവറിന്റെ നിലപാട്, തനിക്ക് തന്റെ നിലപാട്. അൻവറിന്റെ വിമർശനങ്ങളിൽ അഭിപ്രായം പറയാൻ താനില്ല. അജിത്ത്കുമാറിന്റെ പേരിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണം നടക്കുന്ന വിഷയത്തിൽ അഭിപ്രായം പറയാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ തറവാട്ട് വീട്ടിലാണ് താൻ ഇരിക്കുന്നതെന്നും ഇവിടെ വച്ച് രാഷ്ട്രീയകാര്യങ്ങൾ പറയാൻ താനില്ലെന്നും അൻവറും പ്രതികരിച്ചു.
സിപിഎം നേതൃത്വവുമായി ഉടക്കിപ്പിരിഞ്ഞ അന്‍വര്‍ വെള്ളാപ്പള്ളിയുടെ പിന്തുണ അഭ്യര്‍ഥിച്ചാണ് എത്തിയതെന്ന് കരുതുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തബന്ധം പുലര്‍ത്തുന്ന വെള്ളാപ്പള്ളി നടേശന് എംഎല്‍എ മാത്രമായ അന്‍വറിനുവേണ്ടി മുഖ്യമന്ത്രിയുമായുള്ള തന്റെ ബന്ധം വഷളാക്കുമോയെന്ന് ആരും വിശ്വസിക്കുന്നില്ല.
എല്‍ഡിഎഫ് ഭരണത്തില്‍ കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നതിനായി മിക്കപ്പോഴും മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാടാണ് വെള്ളാപ്പള്ളി ഇതുവരെ സ്വീകരിച്ചിരുന്നത്. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയ അന്‍വറിനെ ആഥിത്യമര്യാദ അനുസരിച്ച് വെള്ളാപ്പള്ളി നടേശന് സ്വാഗതം ചെയ്തെങ്കിലും അന്‍വറിന് പിന്തുണയൊന്നും വാഗ്ദാനം ചെയ്തില്ല. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയില വസതിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതോടെ എത്തിയ അൻവർ ഒന്നരമണിക്കൂറോളം ചെലവഴിച്ചശേഷമാണ് മടങ്ങിയത്.