നങ്ങ്യാർകുളങ്ങരയിൽ മൂന്ന് വീടുകളുടെ വാതിലുകൾ കുത്തിത്തുറന്ന് മോഷണം
1477915
Sunday, November 10, 2024 5:21 AM IST
ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയില്‍ മൂന്നു വീടുകളുടെ വാതിലുകള്‍ കുത്തിത്തുറന്ന് മോഷണം. ഇന്നലെ പുലര്‍ച്ചെ രണ്ടിന് നങ്ങ്യാര്‍കുളങ്ങര അയിരൂട്ടില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന മോഹനന്റെ മകള്‍ മേഘ(22)യുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല വീടിന്റെ പിറകുവശത്തുള്ള രണ്ടു വാതിലുകള്‍ കുത്തിത്തുറന്ന് മോഷ്ടിച്ചു. പെണ്‍കുട്ടി ബഹളംവച്ചതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയും അപഹരിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെ നങ്ങ്യാര്‍കുളങ്ങര അരശേരില്‍ കൃഷ്ണാസില്‍ ആശയുടെ വീടിന്റെ മുന്‍വശത്തെ വാതിൽ പൊളിച്ച് അകത്തു കയറിയ കള്ളന് മകള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ആശയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു.ബഹളം വച്ചപ്പോള്‍ മോഷ്ടാവ് കടന്നുകളഞ്ഞു.
വീട്ടിലെ അലമാരകളും മേശയും പരതി അലങ്കോലപ്പെട്ട നിലയിലാണ്. ആശയുടെ കഴുത്തില്‍ നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്. സമീപത്തെ ശ്യാം നിവാസില്‍ ശരത്തിന്റെ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് മേശപ്പുറത്ത് വച്ചിരുന്ന വരവുമാലയും രണ്ടു ഗ്രാം താലിയും മോഷ്ടിച്ചു.
കരിയിലക്കുളങ്ങര,ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.