ചക്കുളത്തുകടവ് പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ
1549527
Tuesday, May 13, 2025 5:15 PM IST
മാങ്കാംകുഴി: വെട്ടിയാർ -വെൺമണി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അച്ചൻകോവിലാറിനു കുറുകേ നിർമിക്കുന്ന ചക്കുളത്തുകടവ് പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലെ ത്തി. ജൂലൈ അവസാനത്തോടെ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗത്തിൽ ധാരണയായി.
2022ലാണ് 15.84 കോടി രൂപ ചെലവഴിച്ചുള്ള പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 215.5 മീറ്ററാണ് പാലത്തിന്റെ നീളം. 26 മീറ്ററിന്റെ മൂന്നു സ്പാനുകളും 12.5 മീറ്ററിന്റെ 11 സ്പാനുകളുമാണുള്ളത്. വാഹനഗതാഗതത്തിനുള്ള 7.5 മീറ്ററും ഒരുവശത്ത് നടപ്പാതയുമുൾപ്പെടെ 9.75 മീറ്ററാണ് പുതിയ പാലത്തിന്റെ വീതി.
പാലത്തിലേക്കുള്ള അനുബന്ധപാതയുടെ നിർമാണം ഇരുവശത്തും പൂർത്തിയായിട്ടുണ്ട്. ആറിനുമുകളിൽവരുന്ന ഭാഗത്തെ കോൺക്രീറ്റിംഗ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. വെൺമണി പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശമായ പടിഞ്ഞാറെ തുരുത്തി ഭാഗവും വെട്ടിയാർ മാങ്കാംകുഴി പ്രദേശങ്ങളെയും പുറംലോകവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ പാലം യാഥാർഥ്യമാകുന്നതോടെ സഹായകരമായിത്തീരും.
ഇനി വെൺമണി പടിഞ്ഞാറെ തുരുത്തിയിൽനിന്ന് ഒന്നരകിലോ മീറ്റർ സഞ്ചരിച്ചാൽ മാങ്കാംകുഴിയിലെത്താം. നിലവിൽ വെൺമണിയിൽ എത്താൻ വെട്ടിയാർ പുലക്കടവ് പാലം വഴി ആറര കിലോമീറ്ററിലധികം സഞ്ചരിക്കണം.
ചക്കുളത്ത് കടവിൽ തഴക്കര പഞ്ചായത്ത് ഏർപ്പെടുത്തിയ കടത്തുവള്ളമായിരുന്നു നേരത്തേ അച്ചൻ കോവിലാറിന്റെ ഇരുകരകളിലുള്ളവരുടെയും ഏക യാത്രാമാർഗം. പടിഞ്ഞാറെ തുരുത്തിയിൽനിന്ന് കുട്ടികൾ വെട്ടിയാറിലെ സ്കൂളുകളിലെത്തുന്നതും വെട്ടിയാറിലെ കർഷകർ വെൺമണിയിലെ കൃഷിയിടങ്ങളിലേക്കു പോകുന്നതും ഈ കടത്തുവള്ളത്തെ ആശ്രയിച്ചായിരുന്നു.
ചക്കുളത്തുകടവിൽനിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മാങ്കാംകുഴി -പന്തളം റോഡിലെ കല്ലുവിളയിൽ മുക്കിലെത്താം. ഈ റോഡ് വീതികൂട്ടി വികസിപ്പിച്ചാലേ പാലംകൊണ്ടുള്ള പൂർണ പ്രയോജനം ലഭിക്കൂ. എന്നാൽ, ഈ റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് റോഡിന് വീതി കൂട്ടാനുള്ള നടപടികൾ നടന്നുവരികയാണ്.