ഒരുവർഷം നീണ്ട നിയമപോരാട്ടം: ഫേസ് ബുക്ക് പേജ് തിരികെ ലഭിച്ചു
1569775
Monday, June 23, 2025 11:35 PM IST
അന്പലപ്പുഴ: ഒരുവർഷത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ വാർത്താ ചാനലിന്റെ ഫേസ് ബുക്ക് പേജ് തിരികെ ലഭിച്ചു. തിരികെ ലഭിച്ചത് കേരള ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന്.
അമ്പലപ്പുഴയിലെ പ്രാദേശിക ചാനലായ യുസിവി ന്യൂസിന്റെ യുസിവി ലൈവ് എന്ന ഫേസ് ബുക്ക് പേജാണ് കഴിഞ്ഞ മാർച്ചിൽ ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് ഫേസ് ബുക്ക് പേജ് അഡ്മിൻ ബിനു ദാമോദരൻ സൈബർ സെൽ, ആലപ്പുഴ ജില്ലാ പോലീസ് ചീഫ് എന്നിവർക്കു പരാതി നൽകിയെങ്കിലും പേജ് തിരികെ ലഭിക്കുന്ന തരത്തിൽ യാതൊരു നടപടിയുമുണ്ടായില്ല.
ഇതോടെ ബിനു ദാമോദരൻ പേജ് തിരികെ ലഭ്യമാക്കാൻ അഡ്വ. സഞ്ജീവ് കുമാർ മുഖേനെ ഫേസ് ബുക്ക് പേജ് ഉടമസ്ഥരായ മെറ്റാ പ്ലാറ്റ്ഫോമിനെ പ്രതിയാക്കി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച ഹൈക്കോടതി ഹാക്ക് ചെയ്തവർ പേജിൽ പോസ്റ്റു ചെയ്ത അശ്ലീല വീഡിയോകൾ നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവർക്ക് നിർദേശം നൽകി.
ഇതിനുശേഷം ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഒരുവർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ഫേസ് ബുക്ക് പേജ് പഴയരീതിയിൽ തിരികെ ലഭിച്ചത്. പ്രാദേശിക, ജില്ലാ വാർത്തകൾ ലഭ്യമായിരുന്ന ഈ പേജിന് 16 കെ. സബ്സ്ക്രൈബറുണ്ടായിരുന്നു.
യുസിവി ലൈവ് എന്ന ഫേസ് ബുക്ക് പേജിലൂടെ പ്രാദേശിക, ജില്ലാ വാർത്തകൾ പഴയരീതിയിൽ ഇനി ലഭ്യമാകുമെന്ന് അഡ്മിൻ ബിനു ദാമോദരൻ അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ട വാർത്താ ചാനലിന്റെ ഫേസ് ബുക്ക് പേജ് ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് തിരികെ ലഭിക്കുന്നത് ഇതാദ്യമാണ്.