കുട്ടനാട്ടില്‍ വെള്ളം കയറിയ എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ അടിയന്തര സഹായം നല്‍കണം
1570466
Thursday, June 26, 2025 8:01 AM IST
എടത്വ: കുട്ടനാട്ടില്‍ തുടര്‍ച്ചയായുണ്ടായ രണ്ടു വെള്ളപ്പൊക്കം മൂലം കഷ്ടത അനുഭവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നെല്ലിന്റെ വില അടിയന്തരമായി കൊടുത്തുതീര്‍ക്കണമെന്നും പ്രകൃതിക്ഷോഭം മൂലം കരകൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസുകുട്ടി മാത്യു ചീരംവേലില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് സി. ജോസഫ് ചിറയില്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു.
വെള്ളപ്പൊക്കത്തില്‍ ഏത്തവാഴ, മരച്ചീനി, പച്ചക്കറി തുടങ്ങിയ കരകൃഷി പൂര്‍ണമായി നശിച്ചു.
മുട്ടാര്‍, തലവടി, എടത്വ, വിയപുരം, തകഴി ഉള്‍പ്പെടെ കുട്ടനാടിന്റെ വിവിധ പഞ്ചായത്തുകളിലായി നാലു ലക്ഷത്തിലധികം ഏത്തവാഴകളാണ് നശിച്ചത്. അടിയന്തരമായി കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അതതു പഞ്ചായത്തിലെ ജനപ്രതിനിധികളുമായി നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി നഷ്ടപരിഹാര തുക നല്‍കണം.
പഞ്ചായത്തംഗങ്ങളായ ഡോളി സക്കറിയ ചീരംവേലില്‍, ബിന്‍സി ഷാബു മുട്ടുംപ്പുറം, ചാച്ചപ്പന് മാവേലി തുരുത്തേല്‍, ജോര്‍ജ് തോമസ് മണലില്‍, മാത്യു എം. വര്‍ഗീസ് മുണ്ടയ്ക്കല്‍, ജോസഫ് മാത്യു ശ്രാമ്പിക്കല്‍, എ.ഡി. അലക്സാണ്ടര്‍ ആറ്റുപ്പുറം, കുഞ്ഞുമോന് മണലിപ്പറമ്പില്‍, ജേക്കബ് പി. മാത്യു തോട്ടയ്ക്കാട്ടുപുത്തന്കളം, ലൗലേഷ് സി. വിജയന്, സേവ്യര്‍കുട്ടി മോളിപ്പടവില്, ബാബു പാക്കള്ളി, എം.പി. ആന്റണി മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.