ചെമ്പകശേരി പാടത്ത് ഡ്രോൺ എത്തിച്ച് നെൽവിത്ത് വിതച്ചു
1577208
Sunday, July 20, 2025 3:11 AM IST
തുറവൂർ: ചെമ്പകശേരി പാടത്ത് നെൽക്കൃഷിക്കു തുടക്കം. വെച്ചൂർ സ്വദേശി ദാസപ്പനാണ് ഇത്തവണ 100 ഏക്കറിൽ കൃഷിയിറക്കുന്നത്. മങ്കൊമ്പിലെ ഏരിയൽ അസറ്റ് ഏവിയേഷൻ എന്ന കമ്പനിയിൽനിന്ന് ഡ്രോൺ എത്തിച്ചാണ് വിത്ത് വിതച്ചത്. ഒറ്റത്തവണ 50 കിലോ വിത്ത് വഹിച്ചുകൊണ്ട് വിത്ത് നടത്താൻ ശേഷിയുള്ളതാണ് ഡ്രോൺ. കർഷകരാണ് വിതയ്ക്കുന്നതെങ്കിൽ ഒരേക്കറിൽ 50 കിലോ വിത്താണ് ആവശ്യമായി വരുന്നത്. ആ സ്ഥാനത്ത് ഡ്രോൺ വിതയ്ക്കുമ്പോൾ 25 കിലോ വിത്ത് മതിയാകും.
ഒരുമണിക്കൂർ കൊണ്ട് 50 ഏക്കർ വിതയ്ക്കാൻ സാധിക്കും. ഡ്രോൺ ഉപയോഗിച്ചുതന്നെ വളം, കീടനാശിനി പ്രയോഗവും നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് വിത ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ജാസ്മിൻ, വൈസ് പ്രസിഡന്റ് എം.കെ. ജയപാൽ, പി.കെ. ബിനോയ്, കെ.പി. ഹരിലാൽ, സസി.ഡി. ആസാദ്, കെ.ജി. പ്രിയ ദർശൻ, ദാസപ്പൻ, സുന്ദരൻ എന്നിവർ പങ്കെടുത്തു.