ഹൗസ്ബോട്ടുകൾ പരിസ്ഥിതിക്ക് ഭീഷണിയോ?
1577216
Sunday, July 20, 2025 3:11 AM IST
ആലപ്പുഴ: അനധികൃത ഹൗസ് ബോട്ടുകള്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് തണ്ണീര്‍ത്തട അഥോറിറ്റിക്കും പരാതികള്‍ ലഭിച്ചിട്ടുണ്ട്. അനധികൃതമായി സര്‍വീസ് നടത്തുന്ന ഹൗസ്ബോട്ടുകള്ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്നാണ് കേരള മാരിടൈം ബോര്‍ഡിന് സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റി കത്തുനല്‍കിയത്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണു തണ്ണീര്‍ത്തട അഥോറിറ്റിയുടെ നടപടിയെന്നാണു വിവരം. വേമ്പനാട്ടുകായലില്‍ ഹൗസ്ബോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നതു കായലിന്റെ ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും ബാധിക്കുമെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു തണ്ണീര്‍ത്തട അഥോറിറ്റി മെംബര്‍ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. അനധികൃത ഹൗസ് ബോട്ടുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് അധികൃതര്‍ നടപ്പാക്കുന്നില്ലെന്നു പരാതിയുണ്ടെന്നും തണ്ണീര്‍ത്തട അഥോറിറ്റി ചൂണ്ടിക്കാട്ടി.
മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത്
827 ഹൗസ് ബോട്ടുകളാണ് ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് നടത്തിയ സാറ്റലൈറ്റ് സര്‍വേയില്‍ 928 ഹൗസ്ബോട്ടുകള്‍ കായലില്‍ സര്‍വീസ് നടത്തുന്നതായി കണ്ടെത്തി. തീരത്തു നിര്‍ത്തിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.
കൊല്ലം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഹൗസ്ബോട്ടുകള്‍ വേമ്പനാട്ടുകായലില്‍ സര്‍വീസ് നടത്തുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വേമ്പനാട്ടുകായലിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം ഹൗസ് ബോട്ടുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിബന്ധനകള്‍ പാലിക്കുന്നില്ല
350 ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്താനുള്ള ശേഷിയാണു വേമ്പനാട്ടുകായലിനുള്ളതെന്നാണു ജലവിഭവ വിനിയോഗ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) 2013ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
എന്നാല്‍, യഥാര്‍ഥത്തില്‍ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകളുടെ എണ്ണം ഇതിലുമേറെയാണെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനധികൃത ഹൗസ് ബോട്ടുകള്‍ മലിനീകരണം ഉണ്ടാക്കുന്നു.
വേമ്പനാട്ടുകായലില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ മലിനീകരണ നിയന്ത്രണ നിബന്ധനകള്‍ പാലിക്കുന്നില്ലെന്നു മലിനീകരണ നിയന്ത്രണബോര്‍ഡ് ആലപ്പുഴ കളക്ടര്‍ക്കും പോര്‍ട്ട് ഓഫീസര്‍ക്കും നല്കിയ റിപ്പോര്‍ട്ടിലുണ്ട്. ഹൗസ്ബോട്ടുകളിലെ ശുചിമുറി മാലിന്യം ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന ഇടവേളകളില്‍ ശുചിമുറി മാലിന്യ പ്ലാന്റു കളിലേക്കു നീക്കുകയും മലിനീകരണ നിയന്ത്രണബോര്ഡില്നിന്നും ഇതിന്റെ രസീത് കൈപ്പറ്റുകയും വേണം.
വീണ്ടും പഠനം നടത്താൻ സിഡബ്ല്യുആര്‍ഡിഎം
ആലപ്പുഴ: ജലവിഭവ വിനിയോഗ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) വേമ്പനാട്ടുകായലിന് ഉള്‍ക്കൊള്ളാവുന്ന ജലയാനങ്ങളുടെ എണ്ണമറിയാന്‍ വീണ്ടും പഠനം നടത്തുന്നു. സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണു കായലിന്റെ വാഹകശേഷി നിര്‍ണയിക്കാനുള്ള പഠനം. 2013ല്‍ സിഡബ്ല്യുആര്‍ഡിഎം നടത്തിയ പഠനത്തില്‍ 315 ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെ 605 ജലയാനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമാണു വേമ്പനാട്ടുകായലിനുള്ളതെന്നു കണ്ടെത്തിയിരുന്നു.
2014 ജനുവരി മുതല്‍ ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ പുതിയ ബോട്ടുകള്‍ക്ക് അനുമതി നല്‍കേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. 827 ഹൗസ്ബോട്ടുകള്‍ ഉള്‍പ്പെടെ 1631 ജലയാനങ്ങള്‍ ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ മറ്റു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളും രജിസ്ട്രേഷന് ഇല്ലാത്ത വള്ളങ്ങളും അനധികൃതമായും സര്‍വീസ് നടത്തുന്നു.
അനധികൃത ഹൗസ്ബോട്ടുകള്‍ക്ക് പിഴ ഈടാക്കി രജിസ്ട്രേഷന് അനുവദിക്കാനും പുതിയ വള്ളങ്ങള്‍ക്ക് അനുമതി നല്‍കാനുമുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കായലിന്റെ വാഹകശേഷിയെക്കുറിച്ചു വീണ്ടും പഠനം നടത്താന്‍ സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റി സിഡബ്ല്യുആര്‍ഡിഎമ്മിനെ ചുമതലപ്പെടുത്തിയത്. പഠനം ആരംഭിച്ചതായി സിഡബ്ല്യുആര്‍ഡിഎം അധികൃതര്‍ അറിയിച്ചു.